പത്തനംതിട്ട:റാന്നി സിറ്റാഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥികളുമായി പഠന യാത്ര പോയ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ബസില്‍, നിയമവിരുദ്ധമായ ലൈറ്റുകളും സംഗീത സംവിധാനങ്ങളും ഘടിപ്പിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എംസി റോഡിലെ അടൂര്‍ ബൈപ്പാസില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇന്ന് (ഒക്‌ടോബര്‍ ഏഴ്) ഉച്ചയോടെയാണ് ബസ് പിടികൂടിയത്.
നിയമവിരുദ്ധമായ ലൈറ്റും കൂളിങ് ഫിലിമും; റാന്നിയില്‍ പഠനയാത്ര പോയ ടൂറിസ്റ്റ് ബസ് പിടികൂടി എംവിഡി
നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റാന്നി സിറ്റാഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിന്നും പഠനയാത്ര പോയ ബസിനെതിരെയാണ് എംവിഡി നടപടി
ടൂറിസ്റ്റ് ബസുകളില്‍ കാഴ്‌ച മറയ്ക്കുന്ന കൂളിങ് ഫിലിമും ഒട്ടിച്ചിട്ടുണ്ട്. കുണ്ടറ സെറാമിക്‌സിലേക്കായിരുന്നു യാത്ര. എന്നാല്‍, യാത്രയ്ക്കായി സ്‌കൂള്‍ അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നാളെ (ഒക്‌ടോബര്‍ എട്ട്) ഉച്ചയ്ക്ക് മുന്‍പ്, അനധികൃതമായി ഘടിപ്പിച്ചിട്ടുള്ള ലൈറ്റുകളും ശബ്‌ദസംവിധാനങ്ങളും മാറ്റി ആര്‍ടിഒയ്ക്ക് മുന്‍പില്‍ ബസ് ഹാജരാക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.
പത്തനംതിട്ടയില്‍ രണ്ടിടത്താണ് മോട്ടോര്‍ വാഹന വകുപ്പ് രാവിലെ പരിശോധന നടത്തിയത്. പത്തനംതിട്ട നഗരത്തോട് ചേര്‍ന്നുള്ള മൈലപ്രയിലും അടൂര്‍ ബൈപ്പാസിലുമായിരുന്നു പരിശോധന. പത്തനംതിട്ടയിലെ പരിശോധനയില്‍ നിയമം ലംഘിച്ച മറ്റ് മൂന്ന് ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്.