പാലക്കാട്:മുട്ടിക്കുളങ്ങരയിൽ പൊലീസുകാർ മരിച്ചത് ഷോക്കേറ്റാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വ്യാഴാഴ്‌ചയാണ് (മെയ് 19) ഹവീല്‍ദാര്‍മാരായ എലവഞ്ചേരി അശോകൻ (35), തരൂർ അത്തിപ്പൊറ്റ മോഹൻദാസ് (36) എന്നിവരെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്‌ച (മെയ് 18) രാത്രി 9.30ഓടെ ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് പൊലീസ് ക്യാമ്പ് സേനാംഗങ്ങള്‍ നടത്തിയ തെരച്ചിലിൽ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ഷോക്കേറ്റത് പന്നിക്കെണി വഴി:ഹവീൽദാർമാരുടെ മരണത്തിനിടയാക്കിയത് പന്നിക്കെണിയാണ് എന്നാണ് സൂചന. ഇരുവരുടെയും കാലിലും കൈയിലും ഷോക്കേറ്റതിന്‍റെ പൊള്ളലുകളുണ്ട്. പന്നിയെ പിടിക്കാനായി വച്ച വൈദ്യുത ലൈനിൽ നിന്ന് നേരിട്ട് കൈയിലേക്കും കാലിലേക്കും വൈദ്യുതി പ്രവഹിച്ചിട്ടുണ്ട്.
അതിനാലാണ് രണ്ടിടത്തും പൊള്ളലേറ്റതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ക്യാമ്പിന് പുറകിലെ പാടത്ത് പന്നിശല്യം രൂക്ഷമാണ്. അതിനാൽ പന്നികളെ പിടിക്കാൻ രാത്രിയിൽ വൈദ്യുത ലൈനിടുത്തത് പതിവാണെന്നാണ് നാട്ടുകാരിൽ ചിലർ പറയുന്നത്.
മുമ്പും ഇത്തരത്തിൽ ഇവിടെ വൈദ്യുതി കമ്പി സ്ഥാപിച്ചിരുന്നു. മീൻ പിടിക്കാനായി പോയ അശോക് കുമാറും മോഹൻദാസും അബന്ധത്തിൽ വൈദ്യുതി കമ്പിയിൽ ചെന്ന് പെട്ടതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതിനുള്ള സാഹചര്യങ്ങളാണ് അന്വേഷണത്തിൽ നിന്നും വൃക്തമാകുന്നത്.
കൊലപാതകമല്ലെന്ന് നിഗമനം:കൊലപാതക സാധ്യതകൾ ഇല്ലെന്നും പൊലീസ് വൃക്തമാക്കുന്നു. മറ്റെവിടെയോ വച്ച് ഷോക്കേൽക്കുകയും പിന്നീട് മൃതദേഹങ്ങൾ പാടത്ത് കൊണ്ടുവന്നിട്ടുവെന്നുമാണ് പൊലീസ് അനുമാനം. പ്രദേശത്ത് മുമ്പും വൈദ്യുതി കമ്പി സ്ഥാപിച്ചവരെയാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.