പാലക്കാട്:ഹവിൽദാർമാരുടെ മരണത്തിനിടയാക്കിയ പന്നിക്കെണിയൊരുക്കാൻ പ്രതി എം സുരേഷ് ഉപയോഗിച്ച കമ്പി മുട്ടിക്കുളങ്ങര കെഎപി-2 ബറ്റാലിയൻ ക്യാമ്പിന് അകത്തെ കുളത്തിൽ നിന്ന് കണ്ടെത്തി. പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് കമ്പി കണ്ടെടുത്തത്. സുരേഷ് പന്നിക്കെണി വച്ച സ്ഥലം പൊലീസ് പരിശോധിച്ചു.
കെണിയൊരുക്കാൻ ഉപയോഗിച്ച കേബിളിന്‍റെ ഒരു ഭാഗം സുരേഷിന്‍റെ വീടിന്‍റെ വിറക് പുരയിൽ നിന്നാണ് ലഭിച്ചത്. മറ്റൊരു ഭാഗം പൊലീസ് ക്യാമ്പിലെ കുളത്തിന് സമീപത്ത് നിന്നും ലഭിച്ചു. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച ഉന്തുവണ്ടിയും സുരേഷിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തി.
പൊലീസുകാരുടെ മരണശേഷം വയറും കമ്പിയും മതിലിന് പുറത്ത് നിന്ന് കുളത്തേക്ക് എറിയുകയായിരുന്നുവെന്ന് സുരേഷ് തെളിവെടുപ്പിനിടെ സമ്മതിച്ചു. പിന്നീട് മൃതദേഹങ്ങൾ കൊണ്ടിട്ട പാടങ്ങളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സുരേഷിനെ ശനിയാഴ്‌ച (21.05.22) കോടതിയിൽ ഹാജരാക്കും.
സുരേഷ് മുമ്പും പ്രതി:രണ്ട് പൊലീസുകാരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയിലേക്ക് എത്താൻ കഴിഞ്ഞത് അന്വേഷണ സംഘത്തിനും നേട്ടമായി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാടത്ത് നിന്ന് മാറ്റുമ്പോഴേക്കും പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രദേശത്ത് മുമ്പും പന്നിയെ പിടികൂടിയ ആളുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.