പാലക്കാട്:മുട്ടിക്കുളങ്ങരയില്‍ രണ്ട് ഹവിൽദാർമാർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ എം സുരേഷ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് അഡീഷണൽ ഡിസ്ട്രിക്‌ട് ആൻഡ് സെഷൻ കോടതി-3 റിമാൻഡ് ചെയ്‌തത്. സുരേഷിനെ വിശദമായി ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
ഇതിനുള്ള അപേക്ഷ തിങ്കളാഴ്‌ച (മെയ് 23) സമർപ്പിക്കും. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിന് സുരേഷിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. മൂന്ന് ദിവസത്തേക്കെങ്കിലും പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
Read more:പൊലീസുകാരുടെ മരണം: കെണിവച്ച കമ്പി കണ്ടെത്തി, പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
കെഎപി-2 ബറ്റാലിയൻ ക്യാമ്പിനു സമീപം സുരേഷിന്‍റെ പറമ്പിൽ പന്നിയെ പിടിക്കാൻ വെച്ച വൈദ്യുതിക്കെണിയിൽ അബദ്ധത്തിൽപ്പെട്ടാണ് ഹവിൽദാർമാരായ അശോക് കുമാർ (35), എം മോഹൻദാസ് (36) എന്നിവർ മരിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സുരേഷിനെതിരെ നരഹത്യ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഹവിൽദാർമാരെ 500 മീറ്ററോളം എടുത്തുകൊണ്ടുപോയി വയലിൽ ഇട്ടത് ഒറ്റയ്ക്കാണെന്നാണ് സുരേഷ് നൽകിയിരിക്കുന്ന മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിൽ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. ഹേമാംബിക നഗർ സിഐ എ.സി വിപിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.