പാലക്കാട്: കൊവിഡ് സ്ഥിരീകരിച്ച മുതലമട സ്വദേശി ചികിത്സ തേടിയ മുതലമട ചുള്ളിയാർമേട് പ്രാഥമികാരോഗ്യകേന്ദ്രം അടച്ചിടാൻ നിർദേശം. അദ്ദേഹവുമായി സമ്പർക്കം നടത്തിയ ഡോക്ടർ, നെഴ്സുമാർ ഉൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാനും ജില്ല മെഡിക്കൽ ഓഫീസർ നിർദേശം നൽകി. മെയ് 14ന് രോഗം സ്ഥിരീകരിച്ച വ്യക്തി ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് 7, 9 ,11 ദിവസങ്ങളിൽ ആശുപത്രിയിൽ എത്തിയിരുന്നു. എന്നാൽ ഡോക്ടർക്ക് കൃത്യമായ വിവരങ്ങൾ നൽകിയിരുന്നില്ല.
മുതലമട പ്രാഥമിക ആരോഗ്യ കേന്ദ്രം അടച്ചിടും
ഡോക്ടർ, നേഴ്സുമാർ ഉൾപ്പെടെയുള്ളവരോട് നിരീക്ഷണത്തിൽ പോകാനും ജില്ല മെഡിക്കൽ ഓഫീസർ നിർദേശം നൽകി.
11ന് നേരിയ ശ്വാസംമുട്ടൽ വന്നപ്പോഴാണ് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ഇയാൾ നാലു വർഷം മുന്നേ ഇവിടം വിട്ടു പോയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്. കുറച്ചുദിവസം മുമ്പ് നാട്ടിൽ എത്തിയിരുന്നു. കാമ്പ്രത്ത് ചള്ളയിലുള്ള മാംഗോ ഗോഡൗണിൽ രാത്രി കിടക്കാറുള്ളതായും കൂടെ എപ്പോഴും ഒരു ഊമയായ യുവാവ് ഉണ്ടാവാറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
കൂടാതെ ഇയാൾ വീടുകളിൽ കയറി സഹായമഭ്യർഥിച്ചിരുന്നതായും പറയുന്നു. കൂടെയുണ്ടായിരുന്ന വ്യക്തിയുടെ സാമ്പിളും ഇന്ന് പരിശോധനയ്ക്ക് എടുക്കും. റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണെന്നും എന്നാൽ ഇയാളിൽ നിന്നും കൃത്യമായി വിവരങ്ങൾ കിട്ടാത്തതിനാൽ റൂട്ട് മാപ്പ് തയ്യാറാക്കാൻ കൂടുതൽ സമയം വേണ്ടിവരും എന്ന് ഡി.എം.ഒ അറിയിച്ചു.