പാലക്കാട് :ശിശുമരണം ഉൾപ്പടെ നിരന്തരം ചികിത്സാപ്രതിസന്ധി അലട്ടുന്ന അട്ടപ്പാടിയിൽ ആരോഗ്യ വകുപ്പിന് കീഴിലുള്ള രണ്ട് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നിർത്തലാക്കാൻ നീക്കം. ഡിസംബറിൽ അട്ടപ്പാടി സന്ദർശിച്ച ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് നടപടി.
മുക്കാലി പൈലറ്റ് സ്കീം ഡിസ്പെൻസറിയുടെ സേവനം നിർത്തലാക്കാനും നിർദേശിച്ചിട്ടുണ്ട്. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിനുകീഴിലാണ് രണ്ട് യൂണിറ്റുകളും പ്രവർത്തിക്കുന്നത്. മൊബൈൽ യൂണിറ്റുകളേയും മുക്കാലി ഡിസ്പെൻസറിയേയും അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലയിപ്പിക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ അഗളി സി.എച്ച്.സി. സൂപ്രണ്ടിനോട് ആരോഗ്യ വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു.
ഇതനുസരിച്ചുള്ള നടപടികൾ ആരംഭിച്ചു. മൊബൈൽ മെഡിക്കൽ യൂണിറ്റിലെ അഞ്ച് ജീവനക്കാർക്ക് അഗളി സി.എച്ച്.സി.യിൽ ജോലിക്കെത്താൻ നിർദേശം ലഭിച്ചു. ആദിവാസി ഊരുകളിലെത്തി മുടങ്ങാതെ അനുവദിച്ചിരുന്ന ചികിത്സാസഹായം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് പരാതി.