പാലക്കാട്:മേട്ടുപ്പാളയത്ത്ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട്പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് വണ്ടിത്താവളം റോഡിൽ കൂമൻകാട്ടിലായിരുന്നു അപകടം. ചേരാമംഗലം ചെട്ടിയാർകാട് പരേതനായ ചന്ദ്രന്‍റെ മകൻ കണ്ണദാസ്(50), തമിഴ്‌നാട് ദിണ്ഡിക്കൽ സ്വദേശി സെൻജിരാജിന്‍റെ മകൻ കുമരേശൻ(24)എന്നിവരാണ് മരിച്ചത്.
പരിക്കേറ്റ കണക്കമ്പാറ കൃഷ്ണന്‍റെ മകൻ ഷിബു ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്ക് സാരമല്ല. മീനാക്ഷീപുരത്തുനിന്ന് കൊയ്‌ത്തുയന്ത്രത്തിന്‍റെ ജോലി കഴിഞ്ഞ് കണ്ണദാസ്, ഷിബു എന്നിവർ ഒരു ബൈക്കിൽ മേട്ടുപ്പാളയം ഭാഗത്തേക്കും കുമരേശൻ എതിർദിശയിലേക്കും പോകുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.