പാലക്കാട്:റഷ്യ-യുക്രൈൻ യുദ്ധത്തെ തുടർന്ന് യുക്രൈനിൽ കുടുങ്ങിയ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് മുഹമ്മദ് മുഹസിൻ എംഎൽഎ. മുഹമ്മദ് മുസ്തഫ, ഇബ്രാഹിം അൽത്താഫ്, വിജയ ശങ്കർ, അദിനാൻ എന്നീ വിദ്യാർഥികളുടെ വാടനാംകുറുശി, വല്ലപ്പുഴ പ്രദേശങ്ങളിലെ വീടുകളിലാണ് എംഎൽഎ സന്ദർശിച്ചത്.
യുക്രൈനിൽ കുടുങ്ങിയവരുടെ വീടുകൾ സന്ദർശിച്ച് എംഎൽഎ
രക്ഷാദൗത്യത്തിന്‍റെ ഭാഗമായി വിദ്യാർഥികൾ എംഎൽഎയുമായി ബന്ധപ്പെട്ടിരുന്നു. പല വിദ്യാർഥികളും എംഎൽഎയോട് നേരിട്ട് സംസാരിക്കുകയുണ്ടായി. അതിർത്തി പ്രദേശങ്ങളിലെ ബങ്കറുകളിലാണ് മിക്ക വിദ്യാർഥികളും. പോളണ്ട്, റൊമാനിയ അതിർത്തികളിലൂടെ ഇവരെ കടത്തിവിടാത്തത് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി വിദ്യാർഥികൾ എംഎൽഎയെ അറിയിച്ചു. ഇവരെ നാട്ടിൽ തിരിച്ചെത്തിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസുമായും നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണനുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എംഎൽഎ പറഞ്ഞു.