പാലക്കാട്:വിവാഹത്തിന് രണ്ടുദിവസം മുമ്പ് ആഭരണം വാങ്ങാനും സുഹൃത്തുക്കളെ കാണാനെന്നും പറഞ്ഞ് മുങ്ങിയ പ്രതിശ്രുത വരൻ വിശാഖപട്ടണത്ത് പിടിയിൽ. ഓഗസ്‌റ്റ് 26 മുതലാണ് പുതുനഗരം കരിപ്പോട് കൂനംകുളമ്പ് പ്രിയദർശിനി കോളനിയിൽ സി പ്രതീഷിനെ (31) കാണാതായത്. ഇയാളെ കൊണ്ടുവരുന്നതിനായി പുതുനഗരം പൊലീസ് വിശാഖപട്ടണത്ത് എത്തി.
ഇയാളെ തിരികെ കൊണ്ടുവന്ന ശേഷം തുടർ നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. ഓഗസ്‌റ്റ് 29 ന് മുതലമട കോട്ടയമ്പലം സ്വദേശിനിയുമായുള്ള വിവാഹം നിശ്‌ചയിച്ചതായിരുന്നു. വരൻ മുങ്ങിയതോടെ വിവാഹവും മുടങ്ങി. കാണാതാകുന്നതിന് തലേന്നുവരെ പ്രതിശ്രുതവധുവുമായി യുവാവ് ഫോണില്‍ സംസാരിച്ചിട്ടുണ്ട്.