നെല്ല് സംഭരണത്തിലെ കയറ്റുക്കൂലി തർക്കം പരിഹരിച്ചതായി മന്ത്രി കെ.കൃഷ്‌ണൻ കുട്ടി - palakad
ജില്ലയിൽ 50 കിലോഗ്രാം ചാക്ക് ഒന്നിന് തൊഴിലാളികൾക്ക് കർഷകർ നൽകിയിരുന്ന 20 രൂപ നിരക്ക് തുടരാനാണ് തീരുമാനം.
പാലക്കാട്:നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന കയറ്റുക്കൂലി തർക്കം പരിഹരിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്‌ണൻ കുട്ടി അറിയിച്ചു. കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ. കൃഷ്‌ണൻ കുട്ടിയുടെ അധ്യക്ഷതയിൽ വിവിധ തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ജില്ലയില്ലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട കയറ്റ് കൂലിയിൽ തർക്കം നിലനിന്നിരുന്നു. ജില്ലയിൽ 50 കിലോഗ്രാം ചാക്ക് ഒന്നിന് തൊഴിലാളികൾക്ക് കർഷകർ നൽകിയിരുന്ന 20 രൂപ നിരക്ക് തുടരാനാണ് തീരുമാനമായതെന്ന് മന്ത്രി അറിയിച്ചു. കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊഴിലാളി സംഘടനകൾ തുക സമാഹരിച്ചു നൽകുമെന്ന് തൊഴിലാളി സംഘടനാ പ്രതിനിധികൾ അറിയിച്ചതായും മന്ത്രി പറഞ്ഞു.