കേരളം

kerala

ETV Bharat / state

കിണറുകളിലെ വാതക സാന്നിധ്യം ; പരിശോധന നടത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കിണറുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ജില്ല കേന്ദ്ര ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കും

By

Published : Mar 14, 2022, 8:57 PM IST

mineral oil presence in wells  koottanad well issue  Pollution Control Board inspection at koottanad  കിണറുകളിൽ പെട്രോള്‍ സാന്നിധ്യം  മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൂറ്റനാട് പരിശോധന
കിണറുകളിൽ പെട്രോള്‍ സാന്നിധ്യം

പാലക്കാട് : കൂറ്റനാട് ടൗണിലും പരിസരങ്ങളിലുമുള്ള കിണറുകളിലെ വാതക സാന്നിധ്യം വിലയിരുത്താന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സംഘം സ്ഥലപരിശോധനയും അന്വേഷണവും നടത്തി. അടിയന്തരമായി പരിശോധിച്ച് നടപടിയെടുക്കാൻ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂജല വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്‌പീക്കർ എം.ബി രാജേഷ് നിർദേശം നൽകിയിരുന്നു. പരിശോധനക്കെത്തിയ സംഘം 10 കിണറുകളില്‍ നിന്നും വിശദ ലബോറട്ടറി പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു.

സാമ്പിളുകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ ജില്ല കേന്ദ്ര ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കും. ലാബ് പരിശോധന പൂര്‍ത്തിയാവാന്‍ രണ്ടാഴ്‌ചയോളം കാലതാമസമുണ്ടാകുമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്‍റല്‍ എഞ്ചിനീയര്‍ അറിയിച്ചു.

കിണറുകളിലെ വാതക സാന്നിധ്യം ; പരിശോധന നടത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൂറ്റനാട് സെന്‍ററില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേയും പരിസരത്തെയും കിണറുകളിലെ വെള്ളമാണ്, കിണറ്റിനകത്തേക്ക് തീയിട്ടാല്‍ കത്തുന്നത്. വെള്ളത്തിന് പെട്രോളിന്‍റേതിന് സമാനമായ രൂക്ഷഗന്ധവും ഉണ്ട്. കൂടാതെ കിണര്‍ ജലത്തിന് മുകളില്‍ എണ്ണ പരന്ന നിലയില്‍ മഞ്ഞ നിറത്തില്‍ പാട കെട്ടിയിട്ടുമുണ്ട്.

Also Read: കിണറില്‍ പേപ്പര്‍ കത്തിച്ചിട്ടാല്‍ തീ ആളിക്കത്തും: പാലക്കാട് അത്യപൂർവ പ്രതിഭാസം

കിണറുകളുടെ 100 മീറ്ററോളം ദൂരത്തില്‍ പെട്രോള്‍ പമ്പുണ്ട്. ഇതുമൂലമാകാം മലിനീകരണമെന്ന ആശങ്ക പ്രദേശവാസികള്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് പെട്രോളിയം കമ്പനിയുടെ സംഘം പരിസരപ്രദേശത്തെ പമ്പുകളിലെ ടാങ്കുകളില്‍ ലീക്ക് ടെസ്റ്റ് നടത്തിയെങ്കിലും ചോര്‍ച്ച കണ്ടെത്താന്‍ കഴിഞ്ഞില്ല.

മൂന്ന് മാസത്തിലേറെയായി കിണര്‍ ജലത്തിൽ പെട്രോള്‍ മണക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം കിണറിൽ പേപ്പര്‍ കത്തിച്ച് ഇട്ടതോടെ ആളിക്കത്തുകയും ചെയ്‌തു. നീലനിറത്തിലാണ്‌ തീ പരക്കുന്നത്‌. പ്രദേശത്തുള്ളവരുടെ കുടിവെള്ളം മുട്ടിയതോടെ നാഗലശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ വെള്ളത്തിന്‍റെ സാമ്പിള്‍ എറണാകുളം ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ റീജ്യണല്‍ അനലിറ്റിക്കല്‍ ലാബിലേക്ക് പരിശോധനക്കയച്ചു.

വെള്ളത്തില്‍ മാരകമായ തോതില്‍ ആരോഗ്യത്തിന് ഹാനികരമാകും വിധം മിനറല്‍ ഓയില്‍ കലര്‍ന്നിട്ടുണ്ടെന്നായിരുന്നു പരിശോധനാഫലം. ഇതോടെ ചെടി നനയ്ക്കാന്‍ പോലും കഴിയാത്ത വിധം വെള്ളം ഉപയോഗ ശൂന്യമായി. കിണര്‍ വെള്ളം ശരീരത്തിലായാല്‍ ചൊറിച്ചിലുമുണ്ട്.

ABOUT THE AUTHOR

...view details