പാലക്കാട്:അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 33 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. പിരിച്ചു വിട്ട സമരക്കാർ ആശുപത്രി മുമ്പാകെ കുത്തിയിരിപ്പ് സമരം നടത്തി.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപിരിച്ചുവിടൽ ഏഴ് തസ്തികകള്‍ പൂർണ്ണമായും നിർത്തലാക്കുന്നതോടെയാണ് 33 ജീവനക്കാരുടെ ജോലി നഷ്ടമാകുന്നത്. ഇതിൽ 30 പേർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്. റിസപ്ഷനിസ്റ്റ്, എ.എൻ.എം, ലാബ് അസിസ്റ്റന്റ്, ഒ.പി. അസിസ്റ്റന്റ്, ഫിസിഷ്യൻ അസിസ്റ്റന്റ്, ബൈസ്റ്റാന്‍റർ, കൗൺസിലർ എന്നീ തസ്തികകളുടെ സേവനമാണ് നിർത്തലാക്കിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്തത് മൂലമാണ് പിരിച്ചു വിടൽ നടപടിയിലേക്ക് നീങ്ങിയതെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. യോഗ്യതയില്ലാത്ത പല ജീവനക്കാരും ഒഴിവാക്കിയവരുടെ പട്ടികയിലുണ്ടെന്നും മൂന്ന് കോടിയോളം രൂപ കടബാധ്യത ആശുപത്രിക്കുണ്ടെന്നും സൂപ്രണ്ട് ഡോ. മുഹമ്മദ് അബ്ദു റഹ്മാൻ യു.ടി പറഞ്ഞു.
Also Read: 'ബാബുവിനെ രക്ഷിക്കുന്നതില്‍ വീഴ്‌ച' ; ജില്ല ഫയർ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടിസ്
ബ്ലോക്ക് പഞ്ചായത്തും ആശുപത്രി അധികൃതരും നടത്തിയ അഭിമുഖം വഴി തിരഞ്ഞെടുക്കപ്പെട്ട് വർഷങ്ങളായി ആശുപത്രിയിൽ ജോലി ചെയ്യുന്ന തങ്ങളുടെ യോഗ്യത പെട്ടെന്നൊരു ദിവസം അസാധുവാകുന്നത് എങ്ങനെയാണെന്നാണ് പിരിച്ചു വിട്ട ജീവനക്കാർ ചോദിക്കുന്നത്.
യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് അന്നത്തെ പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നൂറ് കിടക്കകൾ സജ്ജീകരിക്കുന്നതിനായി മൂന്നാം നിലയുടെ പ്രവർത്തനോദ്ഘാടനം നടത്തിയിരുന്നു. 2017 മെയ് 27ന് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നൂറ് കിടക്കകൾ പൂർത്തീകരിച്ചു കൊണ്ടുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിനാനുപാതികമായി ജീവനക്കാരെ നിയമിക്കാനുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയില്ല. ഇത് മൂലം നൂറ്റമ്പതിലധികം കിടപ്പ് രോഗികൾ ഉണ്ടായിരുന്ന സമയത്ത് എച്ച്എംസി വഴി നിയോഗിച്ച 132 ജീവനക്കാരെ ഉപയോഗിച്ചാണ് പ്രവർത്തനം മുന്നോട്ട് കൊണ്ട് പോയത്.
കഴിഞ്ഞ ദിവസം അട്ടപ്പാടി സ്വദേശിനി ദിവ്യ സമർപ്പിച്ച പരാതിയിൽ ആശുപത്രിയുടെ പ്രവർത്തനം ഉദ്ദേശ ലക്ഷ്യങ്ങൾ നിറവേറ്റപ്പെടുന്ന തരത്തിലാകണം എന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ആശുപത്രിയിൽ കൂട്ടപിരിച്ചുവിടൽ നടക്കുന്നത്. ഇതിന് എതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ജീവനക്കാർ.