പാലക്കാട് :മണ്ണാര്‍ക്കാട്ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ഉമ്മുസൽമയുടെ രാജിക്കത്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതോടെ വീണ്ടും വലഞ്ഞ് മുസ്ലിം ലീഗ് നേതൃത്വം. ലീഗിലെ തർക്കം കാരണം സ്ഥാനമേറ്റെടുത്ത് ഒരുവർഷം തികയും മുമ്പുതന്നെ അവരോട് രാജിവയ്‌ക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
നേതൃത്വത്തോട് കാര്യങ്ങൾ ആലോചിക്കുന്നില്ലെന്നും അനുസരിക്കുന്നില്ലെന്നും ആരോപിച്ചാണ് ഉമ്മുസൽമയോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ഒഴിയാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്.
ഇക്കാര്യത്തിൽ തീരുമാനം വൈകിയതോടെ പാണക്കാട് തങ്ങൾ ഉൾപ്പടെയുള്ളവർക്ക് ഇടപെടേണ്ടിവന്നു. എന്നിട്ടും അവർ രാജിവയ്‌ക്കാൻ കൂട്ടാക്കിയില്ല. രാജിതീരുമാനം നീണ്ടതോടെ പ്രസിഡന്‍റിനെതിരെ യുഡിഎഫ് തന്നെ അവിശ്വാസപ്രമേയത്തിന് നോട്ടിസ് നൽകിയിരുന്നു. പ്രമേയം ചർച്ചയ്‌ക്ക് എടുക്കുന്ന ദിവസം യുഡിഎഫിലെ 11 അംഗങ്ങൾ വിട്ടുനിൽക്കുകയും ചെയ്‌തു.
തപാലിലെത്തിയ വ്യാജ രാജി
ഏറെ സമ്മർദ്ദങ്ങൾക്കൊടുവിൽ ഇവരുടേതായി ഒരു രാജിക്കത്ത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് തപാലിൽ വന്നു. എന്നാൽ തന്‍റെതായ വ്യാജ രാജിക്കത്ത് വരാൻ സാധ്യതയുണ്ടെന്നും അത് സ്വീകരിക്കരുതെന്നും സെക്രട്ടറിക്കും വരണാധികാരിക്കും ഇവർ രേഖാമൂലം കത്ത് നൽകിയിരുന്നു.
ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനേയും അറിയിച്ചു. സ്വമേധയാ നേരിട്ട് നൽകുന്ന രാജിക്കത്ത് മാത്രമേ സ്വകീരിക്കാൻ പാടുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതോടെ ഉമ്മുസൽമയ്‌ക്ക് പ്രസിഡന്‍റായി തുടരാമെന്നതാണ് ലീഗിനെ വെട്ടിലാക്കിയത്.
also read: 'ആ വി.ഐ.പി ഞാനല്ല'; ദിലീപിനെ സഹായിച്ചത് താനല്ലന്ന് കോട്ടയം സ്വദേശി വ്യവസായി
തർക്കം മൂത്തതോടെ ലീഗിലെ എല്ലാ സ്ഥാനങ്ങളും ഉമ്മുസൽമ നേരത്തെ രാജിവച്ചിരുന്നു. ഇതോടെ പാര്‍ട്ടിക്ക് യാതൊരുവിധ നിയന്ത്രണങ്ങളും പ്രസിഡന്‍റിന് മേലില്ലാത്ത സ്ഥിതിയാണ്. അതേസയമം ഇനി ആറ് മാസം കഴിഞ്ഞുമാത്രമേ അവിശ്വാസം കൊണ്ടുവരാൻ കഴിയൂ.
അതുവരെ യാതൊരു തടസവുമില്ലാതെ ഉമ്മുസൽമയ്‌ക്ക് തുടരാം. ബ്ലോക്ക് പഞ്ചായത്തിൽ ലീഗിനും കോൺഗ്രസിനും ആറ് അംഗങ്ങൾ വീതവും എൽഡിഎഫിന് അഞ്ച് അംഗങ്ങളുമാണുള്ളത്.