പാലക്കാട് :വടക്കന്‍ സിക്കിമില്‍ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖാണ് (26) കൊല്ലപ്പെട്ടത്. ചെങ്ങണിയൂര്‍ക്കാവ് സ്വദേശി സഹദേവന്‍റെ മകനാണ്.
നാലുവര്‍ഷമായി സൈന്യത്തിന്‍റെ ഭാഗമായിട്ട്. മൂന്ന് ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍മാരും 13 സൈനികരും ഉള്‍പ്പടെ 16 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വളവ് തിരിയുന്നതിനിടെ വാഹനം റോഡില്‍ നിന്ന് തെന്നിമാറി താഴ്‌ചയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂര്‍ണമായി തകര്‍ന്നു. 20 പേരായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ നാലുപേര്‍ ചികിത്സയിലാണെന്നാണ് വിവരം.
ALSO READ|സിക്കിമില്‍ സൈനിക ട്രക്ക് അപകടത്തില്‍ പെട്ട് 16 മരണം
സെമ മൂന്ന് പ്രദേശത്ത്, രാവിലെ എട്ട് മണിയോടെയാണ് അപകടം.
ലാച്ചനില്‍ നിന്നും 15 കിലോമീറ്റര്‍ അകലെയുളള മേഖലയാണ് സെമ മൂന്ന്. അതിര്‍ത്തി പോസ്റ്റുകളിലേക്കുളള യാത്രയിലായിരുന്നു വാഹനം. മൂന്ന് വാഹനങ്ങളിലായിരുന്നു സംഘം യാത്ര തിരിച്ചത്. ഇതില്‍ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടസ്ഥലത്തുനിന്നും പുറത്തെടുത്ത മൃതദേഹങ്ങള്‍ ഗാങ്‌ടോക്കിലെ എസ്‌ടിഎന്‍എം ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും പരിക്കേറ്റ സൈനികര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.