പാലക്കാട്:പാലക്കാടിന് സ്വന്തമായൊരു കാവൽക്കാരിയുണ്ട്. മുടിയഴിച്ചിട്ട് മുഖമുയർത്തി അങ്ങുദൂരെ പശ്ചിമഘട്ടമലനിരകളിലേക്ക് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇമചിമ്മാതെ നോക്കിയിരിക്കുന്ന ഒരു യക്ഷി. മലയാളിയുടെ അഭിമാനമായ കാനായി കുഞ്ഞിരാമനെന്ന ശിൽപിയുടെ സ്വർഗചാരുതയിൽ മലമ്പുഴ അണക്കെട്ടിന് സമീപം പിറവി കൊണ്ട പ്രശസ്തമായ യക്ഷി ശിൽപം ഇന്ന് അമ്പതാണ്ട് പിന്നിടുകയാണ്.
കാനായി കുഞ്ഞിരാമന്‍റെ മലമ്പുഴ യക്ഷി ശിൽപത്തിന് 50 വയസ്സ് - kanayi kunjiraman
വേഷം കൊണ്ടോ രൂപം കൊണ്ടോ ഒരു മതബിംബങ്ങളെയും പ്രതിനിധാനം ചെയ്യാതെ നഗ്നയായി നിലകൊള്ളുന്ന യക്ഷി മതേതര സങ്കൽപങ്ങളുടെ പ്രതീകമായാണ് അറിയപ്പെടുന്നത്
1969ൽ ചെന്നൈയിലെ ഗവൺമെന്‍റ് ഫൈൻ ആർട്സ് കോളജ്, ഇംഗ്ലണ്ടിലെ സ്കൂൾ ഓഫ് ഫൈൻ ആർട്സ് എന്നിവിടങ്ങളിൽനിന്നും ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി കേരളത്തിലേക്ക് മടങ്ങി വന്ന സമയത്താണ് കാനായിയെ അന്നത്തെ സംസ്ഥാന ജലസേചന വകുപ്പ് മേധാവിയായിരുന്ന കെ സി എസ് പണിക്കർ മലമ്പുഴ ഉദ്യാനത്തിൽ ഒരു ശിൽപം നിർമ്മിക്കാനായി ക്ഷണിക്കുന്നത്. ക്ഷണം സ്വീകരിച്ച അദ്ദേഹം അണക്കെട്ടിന് മുമ്പിലെ ഉദ്യാനത്തിൽ 30 അടി ഉയരത്തിൽ മുടിയഴിച്ചിരിക്കുന്ന പൂർണ നഗ്നയായ സ്ത്രീ രൂപത്തെ സൃഷ്ടിച്ചു. യാഥാസ്ഥിതിക സമൂഹത്തിൽ നിന്നും വലിയ എതിർപ്പുകൾക്കിടയിലാണ് അന്ന് ഈ ശിൽപം പണിതുയർത്തപ്പെട്ടത്.
കോട്ടയത്തെ അക്ഷരശിൽപ്പവും ശംഖുമുഖം ബീച്ചിലെ ജലകന്യകയും ഉൾപ്പെടെ കേരളത്തിലങ്ങോളമിങ്ങോളം നിരവധി ശിൽപങ്ങൾക്ക് രൂപം നൽകിയ കാനായി കുഞ്ഞിരാമൻ ഇന്ന് രാജ്യം കണ്ട ഏറ്റവും മികച്ച ശിൽപികളിൽ ഒരാളാണ്. ഈ മികവുകൾക്ക് 2005ൽ രാജാരവിവർമ്മ പുരസ്കാരം നൽകിയാണ് കേരള സർക്കാർ അദ്ദേഹത്തെ അനുമോദിച്ചത്. വേഷം കൊണ്ടോ രൂപം കൊണ്ടോ ഒരു മതബിംബങ്ങളെയും പ്രതിനിധാനം ചെയ്യാതെ നഗ്നയായി നിലകൊള്ളുന്ന യക്ഷി മതേതര സങ്കൽപങ്ങളുടെ പ്രതീകം കൂടിയായാണ് അറിയപ്പെടുന്നത്.