പാലക്കാട്:ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്‍റായ മലമ്പുഴ കരടിയോട് ചേമ്പനയിലെ 'ഇമേജി'ലെ തീ അണയ്‌ക്കാനുള്ള ശ്രമം അഗ്നിരക്ഷ സേനാംഗങ്ങൾ അവസാനിപ്പിച്ചു. ഞായർ പകൽ 11ന് തുടങ്ങിയ ശ്രമം ബുധൻ രാത്രി 10 വരെ തുടർന്നു. നാല് ദിവസം രാത്രിയും പകലും ശ്രമിച്ചാണ് ഇമേജിലെ തീ നിയന്ത്രണ വിധേയമാക്കിയത്.
കഞ്ചിക്കോട്, പാലക്കാട്, കോങ്ങാട്, ചിറ്റൂർ, ആലത്തൂർ യൂണിറ്റുകളിൽ നിന്ന് എത്തിച്ച 14 ഫയർ എഞ്ചിൻ ഉപയോഗിച്ച് തീ കാട്ടിലേക്കും സമീപ പ്ലാന്‍റിലേക്കും പടരാതെ നോക്കി. പരിശീലനം നേടിയ സിവിൽ ഡിഫൻസ് വളണ്ടിയർമാരും സേനാംഗങ്ങളോടൊപ്പം ഉണ്ടായിരുന്നു. തീ പിടിക്കാൻ സാധ്യതയുള്ള വസ്‌തുക്കൾ ഫയർ ബ്രേക്ക് സംവിധാനത്തിൽ ക്രമീകരിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മുൻകരുതലായി ഇമേജിലെ വാട്ടർ ടാങ്ക് നിറക്കുകയും ഫയർ ഹൈഡ്രന്‍റുകൾ സ്ഥാപിക്കുകയും ചെയ്‌തു.