പാലക്കാട്:ദേശീയപാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ഇനിമുതൽ പ്രദേശവാസികളും ടോൾ നൽകണം. ജനുവരി ഒന്നുമുതൽ പ്രദേശവാസികളും ടോൾ നൽകണമെന്ന് കരാർ കമ്പനി അധികൃതരാണ് അറിയിച്ചത്. 2022 മാർച്ച് ഒമ്പത് മുതൽ ടോൾ പിരിവ് ആരംഭിച്ചെങ്കിലും ഇതുവരെ പ്രദേശവാസികളിൽ നിന്ന് ടോൾ ഈടാക്കിയിരുന്നില്ല.
തിരിച്ചറിയൽ രേഖ കാണിച്ച് സൗജന്യമായാണ് പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്കാണ് ഈ സൗകര്യമുള്ളത്.
പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ പലതവണ കരാർ കമ്പനി ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ടോൾ പിരിക്കാനുള്ള ശ്രമം അവസാനിപ്പിക്കുകയായിരുന്നു.