പാലക്കാട് :പുലിക്കുഞ്ഞിനെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയെങ്കിലും പുലി വീണ്ടുമെത്തിയേക്കുമോ എന്ന ഭയത്തിൽ ഉറക്കം നഷ്‌ടപ്പെട്ടിരിക്കുകയാണ് പപ്പാടിക്കാർക്ക്. ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പുലിക്കുട്ടികളെ കിട്ടിയതിൽ പിന്നെ ശ്വാസമടക്കിപിടിച്ചാണ് പ്രദേശവാസികൾ നേരം വെളുപ്പിക്കുന്നത്. വനാതിർത്തിയോടുചേർന്ന ജനവാസ മേഖലകളിൽ നായ്ക്കളുടെ തലയോട്ടികൾ കൂടി കാണപ്പെട്ടതോടെ പുലി സ്ഥിരമായെത്തുന്നുണ്ടെന്ന് ജനങ്ങൾ പറയുന്നു.
പ്രദേശത്ത് നിന്നും ഇതുവരെ വളർത്തുനായ്‌ക്കളെ നഷ്‌ടപ്പെട്ടിട്ടില്ലാത്തതിനാൽ തെരുവുനായ്‌ക്കളുടെ തലയോട്ടികളായിരിക്കുമെന്നാണ് കരുതുന്നത്. രാത്രികളിൽ വനംവകുപ്പിന്‍റെ ദ്രുത പ്രതികരണ സേന വനയോരപ്രദേശങ്ങളിൽ പട്രോളിങ് നടത്തുണ്ടെങ്കിലും നാട്ടുകാരിലെ ഭയം വിട്ടൊഴിഞ്ഞിട്ടില്ല.
കഴിഞ്ഞദിവസം പുലിപ്പേടി മാറ്റാൻ അത് പ്രസവിച്ച വീടും പരിസരവും വനം വകുപ്പിന്‍റെ നേതൃത്വത്തിൽ വൃത്തിയാക്കിയിരുന്നു. വേനലടുത്തതോടെ കൂടുതൽ വന്യമൃഗങ്ങൾ കാടിറങ്ങുമെന്ന ഭയത്തിലാണ് മലയോരവാസികൾ. ജില്ലയിൽ മലമ്പുഴ, അകത്തേത്തറ, മണ്ണാർക്കാട്, നെല്ലിയാമ്പതി, കൊല്ലങ്കോട്, മുണ്ടൂർ എന്നിവിടങ്ങളിലാണ് പുലിഭീതിയുള്ളത്. ആനയും പന്നിയും സ്ഥിരമായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കാടിറങ്ങിയെത്തുന്നുണ്ട്.