പാലക്കാട് എല്‍ഡിഎഫിന്റെ ചുമരെഴുത്ത് പ്രചാരണം തകൃതി - എം. ബി. രാജേഷ്
എം.ബി രാജേഷ് എംപിയെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ പാലക്കാട് മണ്ഡലത്തിൽ ചുമരെഴുത്ത് പ്രചാരണം തകൃതിയാണ്. ബിജെപിയും കോൺഗ്രസും സ്ഥാനാർഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ പ്രവർത്തകര്‍ അതൃപ്തി പ്രകടിപ്പിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പാലക്കാട് മണ്ഡലത്തിൽ ചുമരെഴുത്ത് പ്രചാരണം തകൃതിയിൽ. മുമ്പേ ബുക്ക് ചെയ്ത മതിലുകളിൽ സ്ഥാനാർഥിയുടെ വിവരങ്ങൾ വരച്ചു ചേർക്കാനുള്ള ആവേശത്തിലാണ് അണികൾ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന കരുത്തുറ്റ ആയുധമാണ് ചുമരെഴുത്തുകൾ. പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിന് മുന്നേതന്നെ പ്രവർത്തകർ ചുമരെഴുത്ത് തുടങ്ങിയിരുന്നു. എം ബി രാജേഷ് എംപിയെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ചുമരെഴുത്തുകൾ കൂടുതൽ ആവേശത്തിലായി. കണ്ണാടി ഗ്രാമ പഞ്ചായത്തിലെ ചുമരുകളിൽ ആണ് ആദ്യം പാർട്ടി ചിഹ്നവും സ്ഥാനാർത്ഥിയുടെ വിവരങ്ങളും പ്രത്യക്ഷപ്പെട്ടത്. വർഷങ്ങളായി പാർട്ടിക്കുവേണ്ടി ചുമരെഴുത്ത് നടത്തുന്ന പ്രവർത്തകരും ആവേശം മറച്ചുവക്കുന്നില്ല
ഞായറാഴ്ച മണ്ഡല കൺവെൻഷൻ കഴിഞ്ഞതോടെ ഇടതുപക്ഷ പ്രവർത്തകർ സജീവമായി പ്രചാരണ രംഗത്തേക്ക് ഇറങ്ങി. എന്നാൽ ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽബിജെപി ,കോൺഗ്രസ് പ്രവർത്തകരിൽ അതൃപ്തിയുണ്ട്. ചിലയിടങ്ങളിൽ സ്ഥാനാർഥിയുടെ പേര് വെക്കാതെ ബിജെപി ചുമരെഴുത്ത് പ്രചാരണം നടത്തിയിരുന്നു.