നഗരസഭ ഭരണസമിതിക്കെതിരെ പ്രതീകാത്മക കുറ്റപത്രം പുറത്തിറക്കി എൽഡിഎഫ് - ബിജെപി
അധികാരത്തിൽ കയറുമ്പോൾ ബിജെപി മുന്നോട്ടുവച്ച ഒരു വാഗ്‌ദാനങ്ങളും പാലിച്ചില്ലെന്നും എൽഡിഎഫ്.
പാലക്കാട്:നഗരസഭ ഭരണസമിതിക്കെതിരെ പ്രതീകാത്മക കുറ്റപത്രം പുറത്തിറക്കി എൽഡിഎഫ്. കുറ്റപത്രം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എംപിയുമായ എം ബി രാജേഷ് പ്രകാശനം ചെയ്തു. പതിനഞ്ചോളം മോഹനവാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ ബിജെപി ഭരണസമിതി ഇതൊന്നും നടപ്പാക്കാതെ ജനങ്ങളെ വഞ്ചിച്ചുവെന്നും അഞ്ചുവർഷത്തെ പരാജയങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്നും സിപിഐഎം ഏരിയാകമ്മിറ്റി അംഗം നൗഷാദ് പറഞ്ഞു.എല്ലാ വീട്ടിലും ശുദ്ധജലം, നഗരത്തിൽ ശാസ്‌ത്രീയമായ മാലിന്യ സംസ്കരണം, റോഡിലെ തെരുവുനായ ശല്യത്തിന് ശാശ്വതപരിഹാരം, ട്രാഫിക്ക് ബ്ലോക്ക് ഇല്ലാത്ത ഗതാഗതം, എല്ലാവർക്കും വീട് തുടങ്ങി ബിജെപി മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ എല്ലാം പാഴായി പോയെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു. സിപിഐഎം ഏരിയ സെക്രട്ടറി വിജയൻ, നഗരസഭാംഗം അബ്‌ദുൾ ഷുക്കൂർ തുടങ്ങിയവർ പങ്കെടുത്തു.