പാലക്കാട്:പട്ടാമ്പി കറുകപുത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്ക് മരുന്നിന് അടിമയാക്കി പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മേഴത്തൂർ സ്വദേശി അഭിലാഷ്, ചാത്തന്നൂർ സ്വദേശി നൗഫൽ, കറുകപുത്തൂർ സ്വദേശി മുഹമ്മദ് എന്ന ഉണ്ണി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഭിലാഷിനെതിരെ ബലാത്സംഗ കുറ്റവും നൗഫലിനും മുഹമ്മദിനുമെതിരെ പോക്സോ വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
പ്രതികളിലൊരാൾ അച്ഛന്‍റെ സുഹൃത്ത്
നേരത്തേ തന്നെ അഭിലാഷ്, നൗഫൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പിന്നാലെ ഒളിവിലായിരുന്ന മുഹമ്മദിനെ പൊലീസ് പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛന്‍റെ സുഹൃത്ത് കൂടിയായ മുഹമ്മദാണ് പെൺകുട്ടിക്കും അമ്മയ്‌ക്കും വാടകവീട് എടുത്തുകൊടുത്തതും കുട്ടിയെ ലഹരിക്ക് അടിമയാക്കിയതും.
അന്വേഷണം സെക്‌സ് റാക്കറ്റ് കേന്ദ്രീകരിച്ച്
ഇതോടെ ലഹരി സെക്‌സ് റാക്കറ്റുമായി വലിയ മാഫിയ തന്നെ പട്ടാമ്പി തൃത്താല കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ടെന്ന വിവരമാണ് നിലവിൽ പുറത്തുവരുന്നത്. പെൺകുട്ടിയുടെ മൊഴിയിൽ സംഭവത്തിൽ കൂടുതൽ കണ്ണികൾ ഉൾപെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. ലഹരി മാഫിയ, സെക്‌സ് റാക്കറ്റ് സംഘങ്ങളിലേക്കാണ് അന്വേഷണം നീങ്ങുന്നത്.
മയക്കുമരുന്നിനടിമയാക്കി വർഷങ്ങളോളം പീഡനം
അതേസമയം മയക്കുമരുന്ന് സെക്‌സ് റാക്കറ്റിൽ കൂടുതൽ പെൺകുട്ടികൾ ഉൾപെട്ടതായും പെൺകുട്ടിയുടെ മൊഴിയിൽ നിന്നും സൂചന ലഭിച്ചിട്ടുണ്ട്. മകളെ പീഡിപ്പച്ചതായി പെൺകുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുന്നതിന് മുമ്പ് കഞ്ചാവും ലഹരി മരുന്നും നൽകി പെൺകുട്ടിയുടെ അച്ഛന്‍റെ സുഹൃത്തും കൂട്ടാളികളും ചേർന്ന് വർഷങ്ങളോളം ലൈംഗികമായി പീഡനത്തിനിരയാക്കിയെന്നാണ് പരാതി.