പാലക്കാട്: കളിയരങ്ങിലെ വേഷപ്പകർച്ചകൾക്ക് ശിൽപ ചാരുതയൊരുക്കുകയാണ് ഷൊർണൂർ സ്വദേശി സുകുമാരൻ. ചെറുപ്പത്തിൽ മനസിൽ കോറിയിട്ട ചിത്രങ്ങളാണ് 63-ാം വയസിലും സുകുമാരന്‍റെ കരവിരുതിൽ ശിൽപങ്ങളായത്. കഥകളിയിലെ കൃഷ്‌ണന്‍റെയും രുഗ്‌മിണിയുടെയും വേഷങ്ങൾക്കാണ് സുകുമാരൻ രൂപം നൽകിയത്. ആട്ടവിളക്കിന്‍റെ പ്രഭയിൽ ചെറുപ്പത്തിൽ കണ്ട കാഴ്‌ചകളിൽ കരവിരുതിന്‍റെ കഴിവ് കൂടി കലർത്തിയപ്പോൾ ഉണ്ടായതാണ് ഈ ശിൽപങ്ങൾ.
'കൃഷ്‌ണനും രുഗ്‌മിണിയും' സുകുമാരന്‍റെ കരവിരുതിൽ - സുകുമാരന്‍റെ കരവിരുതിൽ
ചെറുപ്പത്തിൽ മനസിൽ കോറിയിട്ട ചിത്രങ്ങളാണ് 63-ാം വയസിലും സുകുമാരന്‍റെ കരവിരുതിൽ ശിൽപങ്ങളായത്. കഥകളിയിലെ കൃഷ്‌ണന്‍റെയും രുഗ്‌മിണിയുടെയും വേഷങ്ങൾക്കാണ് സുകുമാരൻ രൂപം നൽകിയത്.
വിവാഹ ബ്യൂറോ നടത്തിയിരുന്ന സുകുമാരൻ ലോക്ക് ഡൗൺ കാലത്തെ വിരസതയാകാറ്റാനാണ് ശിൽപ നിർമാണത്തിൽ സജീവമായത്. മൂന്നുമാസം കൊണ്ടാണ് ശിൽപങ്ങൾ പൂർത്തിയായത്. പ്ലാസ്റ്റർ ഓഫ് പാരീസിലാണ് ശിൽപങ്ങൾ കടഞ്ഞെടുത്തത്. പൂർണതക്ക് ആവശ്യമായ വസ്‌ത്രങ്ങളും ആഭരണങ്ങളും നിർമിച്ചതും ചുട്ടി കുത്തിയതും സുകുമാരൻ തന്നെ. എല്ലാം പൂർത്തിയായപ്പോൾ കരവിരുതിന്‍റെ സൗകുമാര്യത്തിൽ ഉണ്ടായ ശിൽപങ്ങൾ ജീവൻ തോന്നിപ്പിക്കുന്നവയായിരുന്നു. 20 വർഷങ്ങൾക്ക് മുമ്പ് പേപ്പർ പൾപ്പിൾ കഥകളിയുടെ മാസ്‌ക് ഉണ്ടാക്കിയായിരുന്നു തുടക്കം. ഇനി ഫൈബറിൽ ശിൽപങ്ങൾ നിർമിക്കാനുള്ള തയ്യാറെടുപ്പിലാണ് സുകുമാരൻ.