കുടിവെള്ളവും ഗതാഗത സൗകര്യവുമില്ലാതെ പാലക്കാട് മൂടികൂറിലെ 22 കുടുംബങ്ങൾ - അയിലൂർ
ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ മാറിമാറി വന്നെങ്കിലും ഈ ഭാഗത്തേക്ക് പാത എന്ന പദ്ധതി മാത്രം നടപ്പിലായില്ല . സ്വകാര്യ വ്യക്തി ഭൂമി വിട്ടുകൊടുക്കാൻ തയ്യാറാകാത്തതാണ് പ്രധാനകാരണം.
വാഹന സൗകര്യമുള്ള നല്ല റോഡില്ലാത്തതിനാൽ വർഷങ്ങളായി ദുരിതമനുഭവിക്കുകയാണ് പാലക്കാട് മുടികൂറിലെ 22 കുടുംബങ്ങൾ. പ്രധാന പാതയിലേക്ക് എത്താൻ ഇവിടെയുള്ളവർക്ക് ഒറ്റയടി പാടവരമ്പിലൂടെ 150 മീറ്ററോളം സഞ്ചരിക്കണം. പ്രദേശത്ത് കുടിവെള്ളക്ഷാമവും രൂക്ഷമാണ്.
ആലത്തൂരിലെ അയിലൂർ ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡായ മുടികൂറിലെ കുടുംബങ്ങളുടെ ജീവിതം തീർത്തും ഒറ്റപ്പെട്ട ദീപുകളുടേതിന് സമാനമാണ്. ഇവിടെയുള്ള രോഗികളെയും ഗർഭിണികളെയും സ്ട്രെച്ചറിൽ ചുമന്നുകൊണ്ടാണ് ആശുപത്രികളിൽ എത്തിക്കുന്നത്. മഴക്കാലത്ത് പാടത്ത് വെള്ളക്കെട്ടാകുന്നതിനാൽ വീടിനുള്ളിൽ തന്നെയിരിക്കേണ്ട അവസ്ഥ കൂടിയാണിവർക്ക്. വാഹന സൗകര്യമുള്ള റോഡ് വേണമെന്ന ഇവരുടെ ആവശ്യത്തിന് 60 വർഷത്തിൽ കൂടുതൽ പഴക്കവുമുണ്ട് .
സ്വകാര്യ വ്യക്തി ഭൂമി വിട്ടുനൽകാൻ തയ്യാറാകാത്തതാണ് റോഡ് നിർമാണത്തിന് പ്രധാന തടസമാകുന്നത്. റോഡിനായി പ്രതിഷേധമറിയിച്ച നാട്ടുകാർക്കെതിരെ ഇയാൾ വ്യാജ കേസുകൾ നൽകിയിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്. പഞ്ചായത്ത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കിണർ നിർമ്മാണം ആരംഭിച്ചെങ്കിലും മഴക്കാലത്ത് മണ്ണിടിഞ്ഞ് നിർമ്മാണം തടസ്സപ്പെടുകയായിരുന്നു. എന്നാൽ ഒരു വർഷത്തിലധികമായി കിണറിന്‍റെ നിർമ്മാണം പൂർത്തീകരിക്കാനോ വീടുകളിൽ കുടിവെള്ളമെത്തിക്കാനോ അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.