പാലക്കാട്: പിന്നോക്ക മതന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷനെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന്‍ രജത ജൂബിലി സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പിന്നോക്ക-ന്യൂനപക്ഷ ക്ഷേമം ഉറപ്പുവരുത്തി പ്രവർത്തിക്കുകയെന്നത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. ഇത് രാജ്യത്തെ നിയമമായി മാറുന്നതിൽ ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങി മഹാന്മാരുടെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. പിന്നോക്ക വിഭാഗക്കാർക്ക് വിദ്യാഭ്യാസം ഉറപ്പാക്കി അവരെ മുഖ്യധാരയിലേക്ക് എത്തിക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങൾ മികച്ചതാണ്. കോർപറേഷൻ നൽകിയ 3,700 കോടി രൂപാ വായ്‌പയിൽ 80 ശതമാനവും പിന്നോക്ക വിഭാഗങ്ങൾക്കാണ്. ഈ വായ്‌പ അർഹർക്കായി വിതരണം ചെയ്യുന്നതിൽ കോർപറേഷന്‍റെ ജാഗ്രതയാണ് പ്രകടമാക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.