ചുരം കടന്നെത്തുന്ന വരണ്ട കാറ്റിനും കൊടും ചൂടിനും തളര്‍ത്താനാകാത്ത തെരഞ്ഞെടുപ്പ് ആവേശം. ഇഎംഎസും നായനാരും വിഎസ് അച്യുതാനന്ദനും ടി ശിവദാസമേനോനും അടക്കം രാഷ്ട്രീയ കേരളത്തിന്‍റെ അമരത്തേക്ക് നടന്നു കയറിയ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ പലരും കാലുറപ്പിച്ച രാഷ്ട്രീയ മണ്ണ്. ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കെതിരെ പോരാടി ജയിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ പാരമ്പര്യം പിന്തുടരുന്ന കോൺഗ്രസ് നേതാക്കൾ. 12 നിയമസഭാ മണ്ഡലങ്ങളില്‍ പലതും കമ്മ്യൂണിസ്റ്റ് കോട്ടകൾ. പക്ഷേ പലപ്പോഴും ആ കോട്ടകൾ തകർത്ത വിഎസ് വിജയരാഘവനും കെ ശങ്കരനാരായണനും തെളിച്ചിട്ട കോൺഗ്രസ് പാരമ്പര്യം. ഒടുവില്‍ നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്കും താമര വിരിഞ്ഞുതുടങ്ങിയപ്പോൾ പാലക്കാടൻ കരിമ്പനക്കാറ്റിനും ആ സുഗന്ധം. 20 വര്‍ഷത്തിലാദ്യമായി വിഎസ് ഇല്ലാതെ മലമ്പുഴ, ഇ ശ്രീധരന്‍റെ സ്ഥാനാര്‍ഥിത്വത്തോടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന പാലക്കാട്, എംബി രാജേഷ്- വിടി ബല്‍റാം പോരാട്ടത്തിന്‍റെ ഗ്ലാമറില്‍ തൃത്താല, കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലെ ജനകീയ വിധിയെഴുത്ത് ഇത്തവണ കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.
2016ല്‍ ജില്ലയിലെ 12 നിയമസഭാ സീറ്റുകളില്‍ ഒമ്പതെണ്ണവും ജയിച്ചു കയറിയാണ് ഇടതുപക്ഷം കരുത്ത് കാട്ടിയത്. 2011ല്‍ നേടിയ ഏഴ് സീറ്റുകളും നിലനിര്‍ത്തിയും ചിറ്റൂരിലും പട്ടാമ്പിയിലും കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് എംഎല്‍എമാരെ തറപറ്റിച്ചുമായിരുന്നു എല്‍ഡിഎഫ് തേരോട്ടം. പാലക്കാട്, തൃത്താല, മണ്ണാര്‍ക്കാട് മണ്ഡലങ്ങള്‍ നിലനിര്‍ത്താനായത് യുഡിഎഫിന് ആശ്വാസമായി. 46,157 വോട്ടുകളുമായി മലമ്പുഴയിലും 40,076 വോട്ടുകളുമായി പാലക്കാടും ബിജെപി രണ്ടാമതെത്തുന്ന കാഴ്ചയും 2016ല്‍ കണ്ടു. യുഡിഎഫ് തൂത്തുവാരിയ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ ഇടതു കോട്ടകളും വിറച്ചു. പാലക്കാടും ആലത്തൂരും മൂന്നാമങ്കത്തിനിറങ്ങിയ ഇടത് എംപിമാര്‍ താരതമ്യേനെ നവാഗതരായ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ പരാജയപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പക്ഷെ എല്‍ഡിഎഫ് തേരോട്ടമാണ് പാലക്കാട് കണ്ടത്. ജില്ലാപഞ്ചായത്തിലും ബ്ലോക്കുകളിലും സമഗ്രാധിപത്യം. 88 ഗ്രാമ പഞ്ചായത്തുകളില്‍ 61 ഇടത്തും ഇടത് മുന്നണിക്ക് വിജയം. ഏഴ് നഗര സഭകളില്‍ അഞ്ചിടത്ത് എല്‍ഡിഎഫ് ജയിച്ചു കയറിയപ്പോള്‍ യുഡിഎഫിന് മണ്ണാർക്കാട് മാത്രമാണ് ലഭിച്ചത്. പാലക്കാട് നഗരസഭയിലെ ബിജെപി ഭരണത്തുടര്‍ച്ചയും തദ്ദേശത്തിലെ കാഴ്ചകളാണ്. തദ്ദേശത്തിലെ വോട്ട് വിഹിതമനുസരിച്ച് പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് വ്യക്തമായ മൂന്‍തൂക്കമുണ്ട്. യുഡിഎഫ് സിറ്റിംഗ് സീറ്റായ തൃത്താലയില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. നഗരസഭ ബിജെപി ഭരിക്കുന്ന പാലക്കാട് മണ്ഡലത്തില്‍ രണ്ട് പഞ്ചായത്തുകളില്‍ യുഡിഎഫും ഒരിടത്ത് എല്‍ഡിഎഫും വിജയിച്ചു. ലീഗിന്‍റെ സിറ്റിങ് സീറ്റില്‍, മണ്ണാര്‍ക്കാട് മാത്രം യുഡിഎഫ് മുന്നിലെത്തി.
മെട്രോമാന്‍ ഇ ശ്രീധരന്‍റെ കടന്നുവരവോടെ രാജ്യമാകെ ഉറ്റുനോക്കുന്ന പാലക്കാട് മണ്ഡലമാണ് ഇക്കുറി ജില്ലയിലെ വിഐപി മണ്ഡലം. ശ്രീധരന്‍റെ വ്യക്തിപ്രഭാവവും നഗരസഭയിലെ ഭരണത്തുടര്‍ച്ചയുമാണ് എന്‍ഡിഎയുടെ കരുത്ത്. 2016 ൽ രണ്ടാമതെത്തിയതും എന്‍ഡിഎ മോഹങ്ങള്‍ക്ക് കരുത്ത് പകരുന്നു. മണ്ഡലത്തിന്‍റെ മുന്‍കാല ചരിത്രവും മൂന്നാമങ്കത്തിനിറങ്ങുന്ന ഷാഫി പറമ്പിലിന്‍റെ സ്വീകാര്യതയുമാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട എൽഡിഎഫിന് ഇക്കുറിയും കാര്യങ്ങൾ അത്ര എളുപ്പമല്ല. വിജയത്തിലെത്തണമെങ്കില്‍ യുഡിഎഫിനൊപ്പം, എൻഡിഎ ഉയർത്തുന്ന കടുത്ത വെല്ലുവിളിയും മറികടക്കണം. അഡ്വ സിപി പ്രമോദിനെയാണ് ഇക്കുറി മണ്ഡലം പിടിക്കാനുള്ള ദൗത്യം മുന്നണി ഏൽപ്പിച്ചിരിക്കുന്നത്. തൃത്താലയില്‍ ഗ്ലാമര്‍ പോരാട്ടത്തിന്‍റെ ആവേശത്തിലാണ് ഇരുമുന്നണികളും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒപ്പത്തിനൊപ്പം എത്തിയതോടെ അഭിമാനപോരാട്ടത്തിന്‍റെ ചൂടും ചൂരുമാണ് തൃത്താലയിലെങ്ങും. മൂന്നാമങ്കത്തിനിറങ്ങുമ്പോള്‍ ആത്മവിശ്വാസം ഒട്ടും കുറഞ്ഞിട്ടില്ല വിടി ബല്‍റാമിന്. എകെജി വിരുദ്ധ പരാമര്‍ശങ്ങളില്‍ ബല്‍റാമിന് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്ന ഇടതുമുന്നണിക്ക് എംബി രാജേഷിന്‍റെ സ്ഥാനാര്‍ഥിത്വം നല്‍കുന്നത് കുന്നോളം പ്രതീക്ഷകള്‍. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായ ശങ്കു ടി ദാസ് എൻഡിഎ സ്ഥാനാർഥിയായപ്പോൾ തൃത്താലയില്‍ സംജാതമായത് ഒരു ത്രികോണ മത്സരാന്തരീക്ഷം. പാലക്കാടൻ കരിമ്പനക്കാറ്റിൽ ഇളക്കം തട്ടിയിട്ടില്ലാത്ത ചുവപ്പ് കോട്ടയാണ് മലമ്പുഴ. സംസ്ഥാന രാഷ്‌ട്രീയം പലകുറി വലത്തോട്ട് ചാഞ്ഞപ്പോഴും നായനാരും ശിവദാസ മേനോനും വിഎസ് അച്യുതാനന്ദനുമായി മലമ്പുഴയില്‍ ചെങ്കൊടി മാത്രം പാറിക്കളിച്ചു. രണ്ട് പതിറ്റാണ്ടിനിപ്പുറം നയിക്കാന്‍ വിഎസ് ഇല്ലാതെ മലമ്പുഴ പോരിനിറങ്ങുകയാണ്. അതികായനില്ലാത്ത മണ്ഡലത്തില്‍ ശക്തമായ ത്രികോണമത്സരത്തിലാണ് മുന്നണികള്‍. വിഎസിന്‍റെ അഭാവം ആശങ്കയാകുന്നെങ്കിലും ജനകീയനായ എ പ്രഭാകരനിലൂടെ മണ്ഡലം ഇക്കുറിയും ചുവപ്പണിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. മണ്ഡലത്തിന് സുപരിചിതനായ എസ്കെ അനന്തകൃഷ്‌ണന്‍റെ സ്ഥാനാർഥിത്വം വലത് ക്യാമ്പിന് പ്രതീക്ഷ വർധിപ്പിക്കുന്നു. വാളയാര്‍ പെണ്‍കുട്ടികളുടെ മരണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വോട്ടായി മാറുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ രണ്ടാമതെത്തിയ സി കൃഷ്ണകുമാറിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടല്‍.