പാലക്കാട്:മണ്ണാർക്കാട് താലൂക്കിലെ മണ്ണാർക്കാട് മുന്‍സിപ്പാലിറ്റിയും അഗളി, അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, പുതൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മണ്ണാർക്കാട് നിയമസഭാമണ്ഡലം. പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തില്‍ ആകെ 193030 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 97907 സ്ത്രീ വോട്ടർമാരും 95122 പുരുഷ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു.
മണ്ഡലത്തിന്‍റെ ചരിത്രം
1957 മുതൽ 1977 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ സിപിഐ, സിപിഎം പ്രതിനിധികളെ നിയമസഭയിലെത്തിച്ച മണ്ഡലമാണ് മണ്ണാർക്കാട്. ഇടത് എംഎല്‍എമാരായ കൃഷ്ണമേനോൻ, കൃഷ്‌ണൻ കോങ്ങശേരി, ഇകെ ഇമ്പിച്ചിബാവ, ജോൺ മാഞ്ഞൂരാൻ, എഎൻ യുസഫ് എന്നിവർക്ക് ശേഷം 1980ലാണ് മണ്ഡലത്തില്‍ ആദ്യമായി യുഡിഎഫിന് ജയിക്കാൻ കഴിഞ്ഞത്. എപി ഹംസയാണ് മണ്ണാർക്കാട്ടെ ആദ്യ മുസ്ലീംലീഗ് എംഎല്‍എ. 1982ല്‍ സിപിഐ നേതാവ് പി കുമാരൻ ജയിച്ചെങ്കിലും 1987ലും 1991ലും മുസ്ലീംലീഗിന്‍റെ കള്ളാടി മൊഹമ്മദ് മണ്ണാർക്കാട്ട് നിന്ന് നിയമസഭയിലെത്തി. 1996ല്‍ സിപിഐ സ്ഥാനാർഥിയായ ജോസ് ബേബി മണ്ണാർക്കാട്ട് നിന്ന് ജയിച്ചു. 2001ല്‍ മുസ്ലീംലീഗ് നേതാവ് കളത്തില്‍ അബ്‌ദുള്ള ജയിച്ച മണ്ഡലം 2006ല്‍ ജോസ് ബേബിയിലൂടെ വീണ്ടും സിപിഐ തിരിച്ചു പിടിച്ചു. പക്ഷേ 2011ല്‍ എൻ ഷംസുദ്ദീനിലൂടെ മണ്ഡലം വീണ്ടും മുസ്ലീംലീഗ് തിരിച്ചു പിടിച്ചു. 2016ലും ഷംസുദ്ദീൻ തന്നെയാണ് മണ്ണാർക്കാട് നിന്ന് നിയമസഭയിലെത്തിയത്.
2011- 2016 നിയമസഭാ തെരഞ്ഞെടുപ്പുകൾ