കേരളം

kerala

ETV Bharat / state

സോഷ്യലിസ്റ്റ് രാഷ്ട്രീയം മറക്കുമോ ചിറ്റൂർ - നിയമസഭാ തെരഞ്ഞെടുുപ്പ് 2016

ഇടത് വലത് മുന്നണികളെ ഒരേ പോലെ സഹായിച്ചിട്ടുണ്ട് ചിറ്റൂർ മണ്ഡലം. സിപിഎമ്മിനും കോൺഗ്രസിനും ഒപ്പം ജനതാദളിനും സ്വാധീനമുള്ള മണ്ഡലമാണിത്.

Chittur  ചിറ്റൂർ മണ്ഡലം  പാലക്കാട്  Chittur constituency  kerala assembly election  assembly election 2021  നിയമസഭാ തെരഞ്ഞെടുുപ്പ് 2016  നിയമസഭാ തെരഞ്ഞെടുപ്പ്
ചിറ്റൂർ മണ്ഡലം

By

Published : Mar 13, 2021, 4:56 PM IST

​പാലക്കാട്:പാലക്കാട് ജില്ലയിലെ ചിറ്റൂർ- തത്തമംഗലം നഗരസഭയും ചിറ്റൂർ താലൂക്കിലെ എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടകരപ്പതി എന്നീ ഗ്രാമപഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ചിറ്റൂർ. ആലത്തൂർ ലോക്‌സഭാമണ്ഡലത്തിലാണ് ചിറ്റൂർ ഉൾപ്പെടുന്നത്.ആകെ 183448 വോട്ടർമാരുള്ള മണ്ഡലത്തിൽ 93487 സ്ത്രീ വോട്ടർമാരും 89961 പുരുഷ വോട്ടർമാരുമാണ് ഉള്ളത്.

മണ്ഡലത്തിന്‍റെ രാഷ്ട്രീയം

ഇടത് വലത് മുന്നണികളെ ഒരേ പോലെ സഹായിച്ചിട്ടുണ്ട് ചിറ്റൂർ മണ്ഡലം. സിപിഎമ്മിനും കോൺഗ്രസിനും ഒപ്പം ജനതാദളിനും സ്വാധീനമുള്ള മണ്ഡലമാണിത്. ജനതാദൾ നേതാവ് കെ കൃഷൻ കുട്ടിയും കോൺഗ്രസ് നേതാവ് കെ അച്യുതനും തമ്മിലുള്ള തെരഞ്ഞെടുപ്പ് പോര് ഈ മണ്ഡലത്തിൽ പ്രസിദ്ധമാണ്.

മണ്ഡലത്തിന്‍റെ ചരിത്രം

1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ ദ്വയാംഗമണ്ഡലമായതിനെ തുടർന്ന് സിപിഐയും കോൺഗ്രസും എംഎല്‍എമാരെ ജയിപ്പിച്ച മണ്ഡലമാണ് ചിറ്റൂർ. സിപിഐയുടെ പി ബാലചന്ദ്ര മേനോനും കോൺഗ്രസിന്‍റെ കെ ഇച്ചരനും 1957ല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1960ലെ തെരഞ്ഞെടുപ്പിലും ദ്വയാംഗ സംവരണത്തെ തുടർന്ന് സിപിഐയുടെ പി ബാലചന്ദ്ര മേനോനും കോൺഗ്രസിന്‍റെ നാരായണൻ തണ്ടനും മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധികളായി. 1967ലും 1970ലും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ കെഎ ശിവരാമ ഭാരതിയാണ് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. 1977ൽ പി ശങ്കറിലൂടെ സിപിഐ മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് 1980, 1982 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ ജനതാദളിന്‍റെ കെ കൃഷ്ണൻ കുട്ടി ചിറ്റൂരില്‍ നിന്ന് ജയിച്ചു. 1987ൽ കോൺഗ്രസിന്‍റെ കെഎ ചന്ദ്രനും 1991ൽ വീണ്ടും കെ കൃഷ്ണൻ കുട്ടിയും മണ്ഡലത്തെ നയിച്ചു.

പിന്നീടങ്ങോട്ട് 1996 മുതൽ 2011 വരെയുള്ള 15 വർഷങ്ങൾ മണ്ഡലത്തെ നയിച്ചത് കോൺഗ്രസിന്‍റെ കെ അച്യുതനാണ്. 2016ൽ സോഷ്യലിസ്റ്റ്‌ ജനതാദളിൽ നിന്നും മാറിയ കെ കൃഷ്ണൻകുട്ടി ജെഡിഎസിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച് കെ അച്യുതനെ പരാജയപ്പെടുത്തി.

നിയമസഭാ തെരഞ്ഞെടുപ്പ് 2016

നിയമസഭാ തെരഞ്ഞെടുപ്പ് 2016
നിയമസഭാ തെരഞ്ഞെടുപ്പ് 2016 വോട്ട് വിഹിതം

2016ലെ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎയായ കെ അച്യുതനെ 7,285‬ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ജെഡിഎസിന്‍റെ കെ കൃഷ്ണൻ കുട്ടി ജയിച്ചത്. 69270 വോട്ടുകളാണ് അച്യുതൻ നേടിയത്. 2016ലെ തെരഞ്ഞെടുപ്പിൽ ശശികുമാർ എമ്മിലൂടെ 12537 വോട്ടുകൾ നേടാൻ ബിജെപിക്ക് സാധിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് 2020

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എരുത്തേമ്പതി, പട്ടഞ്ചേരി ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് യുഡിഎഫിന് നേടാനായത്. ചിറ്റൂർ-തത്തമംഗലം നഗരസഭ, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി, പെരുവെമ്പ്, പൊൽപ്പുള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫിനെയാണ് പിന്തുണച്ചത്.

ABOUT THE AUTHOR

...view details