പാലക്കാട്: ഗ്രാമ പ്രദേശങ്ങളിൽ കുടിവെള്ളം ഉറപ്പാക്കുന്ന ജലജീവൻ മിഷന്‍റെ ആദ്യഘട്ടത്തിൽ പാലക്കാട് ജില്ലയിലെ വീടുകളിൽ കുടിവെള്ളം ഉറപ്പാക്കുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ജില്ലയിലെ 61 പഞ്ചായത്തുകളിലെ 83598 വീടുകളിലാണ് കുടിവെള്ളം ലഭ്യമാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നിലവിൽ കിഫ്ബി, നബാർഡ് എന്നിവയുടെ സഹായത്തോടെ നടക്കുന്ന 16 സമഗ്ര കുടിവെള്ള പദ്ധതികളും രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തും. ഇതിലൂടെ 44 പഞ്ചായത്തുകളിലായി 53340 കണക്ഷൻ നൽകും.
ജലജീവൻ മിഷൻ ആദ്യഘട്ടം: പാലക്കാട് ജില്ലയില്‍ കുടിവെള്ളം ഉറപ്പാക്കും - JALAJEEVAN Mission
ജില്ലയിലെ 61പഞ്ചായത്തുകളിലെ 83598 വീടുകളിലാണ് കുടിവെള്ളം ലഭ്യമാക്കുക.
ജല അതോറിറ്റിയുടെ സമഗ്ര ജില്ല പ്ലാനിലെ 17 പദ്ധതികൾ ഉൾപ്പെടുത്തി 48 പഞ്ചായത്തുകളിൽ 353500 ഗ്രാമീണ ഗാർഹിക കണക്ഷനുകൾ 2024 നകം നൽകും. ഇതുവഴി ജില്ലയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജല അതോറിറ്റിയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിച്ചെലവിന്‍റെ 45 ശതമാനം കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കും. ബാക്കി 45 ശതമാനം സംസ്ഥാനവും 10 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. പദ്ധതി നടത്തിപ്പിന് മുന്നോടിയായി എംഎൽഎമാരുടെ നേതൃത്വത്തിൽ മുഴുവൻ പഞ്ചായത്തുകളിലും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും.