പാലക്കാട്: ജില്ലയിലെ വിവിധയിടങ്ങളില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ 100 കിലോ മത്സ്യവും 62 കിലോ കോഴിയിറച്ചിയും ആറ് കിലോ ഷവര്‍മയും കുഴിമന്തിയും കണ്ടെത്തി. മറയൂര്‍ ശര്‍ക്കരയില്‍ മായം കണ്ടെത്തിയതും കാസര്‍കോട് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥി മരിച്ച പശ്ചാത്തലത്തിലുമാണ് പരിശോധന നടത്തുന്നതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമീഷണർ വി കെ പ്രദീപ്കുമാർ പറഞ്ഞു. 410 ഹോട്ടലിലും റസ്‌റ്റേറന്‍റുകളിലും ബേക്കറികളിലുമാണ് സംഘം പരിശോധന നടത്തിയത്.
പഞ്ചായത്തുമായി ചേർന്ന് പ്രവര്‍ത്തിക്കുന്ന കടകൾ, ഹോട്ടലുകൾ ഇറച്ചിവിഭവങ്ങൾ വിളമ്പുന്ന കടകൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ സർക്കാർ നിർദേശം നൽകിയിരുന്നു. ആലത്തൂര്‍, പാലക്കാട് മേഖലകളിലെ 30 കടകൾക്ക് നോട്ടീസ് നൽകി പിഴ ചുമത്തി. പത്തിരിപ്പാല, ചന്ദനപ്പുറം, മാങ്കുറുശി, പാലക്കാട്–- കോഴിക്കോട് ബൈപാസ് റോഡ്, ഒലവക്കോട്, കല്‍മണ്ഡപം എന്നിവിടങ്ങളിലെ ഭക്ഷണശാലകളും വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സംഘം കണ്ടെത്തി.