അധികാരത്തിൽ വന്നാൽ എൽഡിഎഫ് നടത്തിയ അനധികൃത നിയമനങ്ങൾ പുനഃപരിശോധിക്കും:രമേശ് ചെന്നിത്തല - kerala news
കൺസൾട്ടൻസി, പിൻവാതിൽ നിയമനങ്ങളിലൂടെ മൂന്ന് ലക്ഷം പേരെയാണ് എൽഡിഎഫ് നിയമിച്ചത്. ഇത് ചെറുപ്പക്കാരോടുള്ള വഞ്ചനയാണ്
പാലക്കാട്:യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ എൽ.ഡി.എഫ് നടത്തിയ അനധികൃത നിയമനങ്ങളെല്ലാം പുനഃപരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫിൻ്റെ ഐശ്വര്യ കേരള യാത്രക്ക് പാലക്കാട് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്, കൂറ്റനാട്, തൃത്താല, മണ്ണാർക്കാട് എന്നിവിടങ്ങളിലാണ് ജില്ലയിൽ സ്വീകരണ കേന്ദ്രങ്ങൾ ഒരുക്കിയത്.
പാലക്കാട്ടെയും ആലത്തൂരിലെയും മുൻ എം.പിമാരെ തോൽപ്പിച്ച തെറ്റിനു പരിഹാരമായാണ് അവരുടെ ഭാര്യമാർക്ക് അനധികൃത നിയമനം ഇടതുമുന്നണിക്ക് നൽകേണ്ടി വന്നതെന്ന് ചെന്നിത്തല പരിഹസിച്ചു. കൺസൾട്ടൻസി, പിൻവാതിൽ നിയമനങ്ങളിലൂടെ മൂന്ന് ലക്ഷം പേരെയാണ് എൽഡിഎഫ് നിയമിച്ചത്. ഇത് ചെറുപ്പക്കാരോടുള്ള വഞ്ചനയാണ്. യുഡിഎഫ് വന്നാൽ വ്യവസ്ഥാപിതമായ നിയമനങ്ങളിലൂടെ മാത്രമേ നിയമനം നടത്തൂവെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് ഇപ്പോൾ ശബരിമല വിഷയം ചർച്ചയാക്കുന്നു എന്നാണ് ഇടതുപക്ഷത്തിന്‍റെ പരാതി. യുഡിഎഫ് വിശ്വാസികൾക്ക് ഒപ്പമാണ്. ഇപ്പോൾ ശബരിമലയെന്ന് കേൾക്കുമ്പോൾ സിപിഎമ്മിന് ഭയമാണ്. കോടതിവിധി വരട്ടെ അപ്പോൾ ചർച്ച ചെയ്യാമെന്നാണ് ഇപ്പോൾ അവരുടെ നിലപാട്. പിണറായി വിജയൻ നവോത്ഥാന നായകൻ്റെ പ്രച്ഛന്ന വേഷം അഴിച്ചു വെച്ച് കോടതിയിൽ നൽകിയ സത്യവാങ്മൂലം മാറ്റുമോ...? എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ പുറത്തു വിട്ട കരട് ബിൽ ചർച്ച ചെയ്ത് അന്തിമ നിയമം നടപ്പാക്കുമെന്ന് അദ്ദേഹം കൂറ്റനാട് പറഞ്ഞു. ഞങ്ങൾ പാണക്കാട് പോയതിനെ വർഗീയവത്ക്കരിക്കാനാണ് സിപിഎം ശ്രമിച്ചത്. യുഡിഎഫിലെ ഘടകക്ഷികളെ സന്ദർശിക്കുന്നത് എങ്ങനെയാണ് വർഗീയതയാകുന്നതെന്നും അദ്ദേഹം ആരാഞ്ഞു.