പാലക്കാട്: കൊവിഡ് പരിശോധനയ്ക്കായി പാലക്കാട് ജില്ലയില്‍ കൂടുതല്‍ സംവിധാനം. പാലക്കാട് ഗവൺമെന്‍റ് മെഡിക്കല്‍ കോളജില്‍ തയ്യാറാക്കിയ ആർടിപിസിആർ ലാബിന് ഇന്ത്യൻ കൗൺസില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്‍റെ അംഗീകാരം ലഭിച്ചു. ഓൺലൈനായി നടത്തിയ പരിശോധനയിലാണ് അംഗീകാരം ലഭിച്ചത്. നാളെ മുതൽ സാമ്പിൾ പരിശോധന ആരംഭിക്കുമെന്ന് മെഡിക്കൽ കോളജ് ഡയറക്‌ടർ ഡോ എം.എസ് പത്മനാഭൻ പറഞ്ഞു. സമൂഹ വ്യാപനമുണ്ടോ എന്നറിയാൻ സെൻട്രൽ സർവൈലൻസ് ടെസ്റ്റാണ് ആദ്യഘട്ടത്തിൽ നടക്കുക.
പാലക്കാട് മെഡിക്കല്‍ കോളജില്‍ ആർടിപിസിആർ ലാബിന് അംഗീകാരം - covid cases palakkad
ലാബില്‍ നാളെ മുതൽ സാമ്പിൾ പരിശോധന ആരംഭിക്കുമെന്ന് മെഡിക്കൽ കോളജ് ഡയറക്‌ടർ ഡോ എം.എസ് പത്മനാഭൻ പറഞ്ഞു. സമൂഹ വ്യാപനമുണ്ടോ എന്നറിയാൻ സെൻട്രൽ സർവൈലൻസ് ടെസ്റ്റാണ് ആദ്യഘട്ടത്തിൽ നടക്കുക.
നിലവില്‍ ദിവസം 40 പേരുടെ സ്രവം പരിശോധിക്കാൻ ലാബില്‍ സാധിക്കും. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനം പൂർത്തിയാക്കിയിവരാണ് ലാബിലെ ജീവനക്കാർ. ആറ് ലാബ് ടെക്‌നീഷ്യന്മാർ, ആറ് ലാബ് അസിസ്റ്റന്‍റുമാർ, നാല് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മൈക്രോ ബയോളജിസ്റ്റ് എന്നിവരെയും ഉടൻ നിയമിക്കും. ദേശീയ ആരോഗ്യ ദൗത്യം വഴിയാണ് നിയമനം നടത്തുക.
ലാബ് പൂർണ സജ്ജമായാൽ ജില്ലയിലെ സാമ്പിൾ പരിശോധന കൂടുതൽ വേഗത്തിലാകും. ഇതിന് ശേഷം രണ്ട് ഷിഫ്റ്റുകളിലായി ആണ് പരിശോധന നടത്തുക. ഓരോ ഷിഫ്റ്റിലും നൂറ് വീതം സാമ്പിൾ പരിശോധിക്കും. സാമ്പിൾ എടുക്കുന്ന ദിവസം തന്നെ പരിശോധനാ ഫലം ലഭിക്കുമെന്നും ഡയറക്ടർ അറിയിച്ചു.