പാലക്കാട് : തിങ്കളാഴ്‌ച മുതലുള്ള കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടി. മംഗലം ഡാം, വണ്ടാഴി തളികക്കല്ല് കോളനി, നെല്ലിയാമ്പതിയിലെ കാരപ്പാറ മേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. തളികക്കല്ല് കോളനിക്ക് സമീപമുള്ള വനമേഖലയില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് കടപ്പാറ തോട്ടില്‍ ജല നിരപ്പ് ഉയര്‍ന്നു.
ഇതേ തുടര്‍ന്ന് മംഗലം ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. ഇത് കൂടാതെ പോത്തുണ്ടി ഡാം, കാഞ്ഞിരപ്പുഴ ഡാം എന്നിവയുടെ ഷട്ടറുകള്‍ ഉയര്‍ത്തി. മീങ്കരയില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ പോത്തുണ്ടി ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ 20 സെന്റീ മീറ്ററും മംഗലം അണക്കെട്ടിന്‍റെ ആറ് ഷട്ടറുകള്‍ 30 സെന്റീമീറ്ററും കാഞ്ഞിരപ്പുഴയുടെ മൂന്ന് റിവർ സ്ലൂയിസ് ഷട്ടറുകള്‍ 50 സെന്റീമീറ്ററും ശിരുവാണിയുടെ റിവർ സ്ലൂയിസ് അഞ്ച് സെന്റീമീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്.
ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ ചെറുകുന്നം പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. അതിശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്‌ടമുണ്ടായി. കൊടുമ്പ് മിഥുനംപള്ളത്ത് തോട് കരകവിഞ്ഞൊഴുകിയതോടെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.