പാലക്കാട് : അട്ടപ്പാടിയിലെ ആരോഗ്യ പ്രവർത്തകരോട് സര്‍ക്കാര്‍ പുലര്‍ത്തുന്നത് കടുത്ത അവഗണനയെന്ന് പരാതി. മൂന്നുമാസമായി ശമ്പളം മുടങ്ങിയ ദുരവസ്ഥയാണ് അട്ടപ്പാടി കോട്ടത്തറ ഗവൺമെന്‍റ് ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് പങ്കുവയ്ക്കാനുള്ളത്. 132 ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. അതിൽ 35 ജീവനക്കാർ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ്.
ഓണക്കാലത്തും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് പട്ടികജാതി പട്ടികവർഗ കമ്മിഷൻ ഇടപെടുകയും അടിയന്തരമായി പ്രശ്നം പരിഹാരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് പ്രശ്‌നം താത്കാലികമായി പരിഹരിച്ചെങ്കിലും നാളുകള്‍ക്കിപ്പുറം വീണ്ടും ദുരിതക്കയത്തിലായിരിക്കുകയാണ് ജീവനക്കാർ.
ധനവകുപ്പിന്‍റെ സഹായത്തോടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. 2017 മെയ് 27ന് നൂറ് കിടക്കകളായി ഉയർത്തി അന്നത്തെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചതാണെങ്കിലും ഇതിന് ആനുപാതികമായ നിയമനങ്ങള്‍ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നാളിതുവരെ പുറത്തിറങ്ങിയിട്ടില്ല.