പാലക്കാട് :ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ട്, സ്വർണക്കടത്ത് കേസിലെ പ്രതി പി.എസ് സരിത്തിനെ വിജിലൻസ് കസ്‌റ്റഡിയിലെടുത്ത് വിട്ടയച്ചു. ചന്ദ്രനഗറിലെ താമസസ്ഥലത്ത് നിന്നാണ് പാലക്കാട് വിജിലൻസ് സംഘം സരിത്തിനെ ബുധനാഴ്‌ച രാവിലെ പത്തോടെ ചോദ്യം ചെയ്യാന്‍ കൊണ്ടുപോയത്. അതേസമയം, വിജിലന്‍സിനെതിരെ ഗുരുതര ആരോപണങ്ങളാണ് സരിത് ഉന്നയിച്ചത്.
മൂന്നുപേർ ചേർന്ന് ബലം പ്രയോഗിച്ചാണ് ഫ്‌ളാറ്റിൽ നിന്ന് കൊണ്ടുപോയത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങളൊന്നും വിജിലൻസ് തന്നോട് ചോദിച്ചിട്ടില്ല. നോട്ടിസ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് തങ്ങളുടെ പാലക്കാട് ഓഫിസിലെത്തിച്ച് ചോദ്യം ചെയ്‌ത ശേഷം ഉച്ചയ്‌ക്ക് രണ്ടോടെയാണ് സരിത്തിനെ വിട്ടയച്ചത്. 16 ന് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാവാൻ നോട്ടിസ് നൽകിയിട്ടുണ്ട്.