പാലക്കാട്: ഏറെ കാത്തിരിപ്പിനൊടുവിൽ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയിൽ) പാലക്കാട്ടുനിന്ന് പ്രകൃതിവാതക വിതരണം ആരംഭിച്ചു. കൂറ്റനാട്– വാളയാർ പ്രകൃതി വാതക കുഴൽവഴിയാണ് വിതരണം തുടങ്ങിയത്.
പാലക്കാട് നഗരത്തിലും പരിസരത്തും വിതരണ ചുമതലയുള്ള ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് പുതുശേരിയിലെ സ്‌റ്റേഷനിലേക്ക് ഗ്യാസ് എത്തിച്ച്, ഇവിടെനിന്ന് പ്രകൃതിവാതകം (സിഎൻജി) പമ്പുകൾക്കും സിലിണ്ടറിൽ നിറച്ചുമാണ് വിതരണം. വാഹനങ്ങൾക്ക് നേരിട്ടും നിറയ്‌ക്കാം. പൈപ്പിടൽ പൂർത്തിയാകുന്ന മുറയ്‌ക്ക് വീടുകളിലേക്കുള്ള വിതരണവും തുടങ്ങാൻ കഴിയുമെന്ന് ഗെയിൽ ജനറൽ മാനേജർ ജോസ് തോമസ്, ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ് ആന്‍റണി എന്നിവർ പറഞ്ഞു.
വിതരണത്തിന്‍റെ ഔപചാരിക ഉദ്‌ഘാടനം ഗെയിൽ സതേൺ റീജൺ എക്‌സിക്യൂട്ടീവ് ഡയറക്ടർ എ കെ ത്രിപാഠി നിർവഹിച്ചു. കൊച്ചിയിൽനിന്നാണ് പ്രകൃതിവാതകം അദാനി ഗ്യാസിന്‍റെ മദർ സ്‌റ്റേഷനായ പുതുശേരിയിൽ എത്തുന്നത്. പൈപ്പ്‌വഴി എത്താൻ തുടങ്ങിയതോടെ ടാങ്കറുകൾ ഉപയോഗിച്ച് റോഡ്‌മാർഗം നീക്കം നിർത്തി.
കൊച്ചി–കൂറ്റനാട്–മംഗലാപുരം– ബംഗളൂരു പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിയിൽ പകുതിയും കേരളത്തിലൂടെയാണ് ഉള്ളത്. കൊച്ചി– മംഗലാപുരം ലൈൻ 444 കിലോമീറ്ററിൽ ഭൂരിഭാഗവും കേരളത്തിലാണ്. കൂറ്റനാട്– വാളയാർ 90 കിലോമീറ്ററാണ് പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്നത്. 2009ൽ പ്രഖ്യാപിച്ച പദ്ധതി തുടങ്ങിയത് വി എസ് അച്യുതാനന്ദന്‍റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാരായിരുന്നു.