പാലക്കാട്:ഇന്ധനവില കുതിക്കുന്നതിനു പുറമെ ദേശീയപാതയിലെ ടോൾനിരക്കും വർധിപ്പിച്ചു. വെള്ളിയാഴ്‌ച (01.04.22) മുതൽ വാളയാറിലെയും പന്നിയങ്കരയിലെയും ടോൾബൂത്തുകളിൽ 10 ശതമാനമാണ് നിരക്ക് കൂട്ടിയത്. വാളയാർ മുതൽ തൃശൂർ വരെ ദേശീയപാത 544ൽ പന്നിയങ്കര, വാളയാർ എന്നിവിടങ്ങളിലാണ് ടോൾ ബൂത്തുള്ളത്.
കുതിച്ചുയര്‍ന്ന് ഇന്ധനവില: ഇതോടെ സംസ്ഥാനത്ത് ഡീസിൽവില ഇടവേളയ്ക്ക്ശേഷം സെഞ്ച്വറി അടിച്ചു. പെട്രോൾ വില 112.45 രൂപയായി. പത്തുദിവസത്തിനിടെ പെട്രോളിന് 6.11രൂപയും ഡീസലിന് 5.90 രൂപയുമാണ് കൂടിയത്. കൊവിഡിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ ഇന്ധനവിലയും ടോൾ നിരക്കും ഉയരുന്നത് ടാക്‌സി ഡ്രൈവർമാരെയും ചരക്കുലോറികളെയും സ്വകാര്യബസുടമകളെയും സാധാരണക്കാരെയും പ്രതിസന്ധിയിലാക്കും.
കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്‍റെ നിർദേശമനുസരിച്ചാണ് നിരക്ക്‌വർധനയെന്ന് കരാർകമ്പനിയായ വാളയാർ– വടക്കഞ്ചേരി എക്‌സ്‌പ്രസ് വേ പ്രൈവറ്റ് ലിമിറ്റഡ്, തൃശൂർ എക്‌സ്‌പ്രസ്‌വേ ലിമിറ്റഡ് എന്നിവർ അറിയിച്ചു. പന്നിയങ്കര ടോൾ പ്ലാസയിലെ പുതിയ നിരക്ക് 20 കിലോ മീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികൾക്ക് പ്രതിമാസം 285 രൂപയിൽനിന്ന് 315 രൂപയാക്കി.