പാലക്കാട്:സാധാരണക്കാരെ ലക്ഷ്യമിട്ട് അട്ടപ്പാടിയിൽ പുതിയ തട്ടിപ്പ്. നാപ്റ്റോൾ കമ്പനിയുടെ പേരിൽ പലരും തട്ടിപ്പിനിരയായതോടെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പൊലീസ്. നാപ്റ്റോൾ കമ്പനിയുടെ 13-ാം വാർഷികത്തോടനുബന്ധിച്ച് മികച്ച ഉപഭോക്താക്കൾക്ക് പ്രത്യേകമായി നൽകുന്ന സ്ക്രാച്ച് കാർഡുകൾ എന്ന പേരിൽ പോസ്റ്റൽ മുഖേന എഴുത്തുകൾ അയച്ചാണ് തട്ടിപ്പ് നടത്തുന്നത്.
അഗളി പഞ്ചായത്തിലെ ഭൂതിവഴി ഊരിലെ മുരുകനും ഇത്തരത്തിൽ ഒരു എഴുത്ത് വന്നു. എഴുത്തിനൊപ്പം ഉണ്ടായിരുന്ന സ്ക്രാച്ച് കാർഡ് ഉരച്ച് നോക്കിയപ്പോൾ 1280000 രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നതായി കണ്ടു. സന്തോഷവാനായ മുരുകൻ എഴുത്തിനൊപ്പമുള്ള നമ്പറിലേക്ക് വിളിച്ചപ്പോൾ മറുവശത്ത് ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കുന്നു. സഹായത്തിനായി വാർഡ് മെമ്പറെ സമീപിച്ചപ്പോഴാണ് തട്ടിപ്പാണിതെന്ന് മുരുകന് ബോധ്യമാകുന്നത്.
സമ്മാനത്തുക കൈപ്പറ്റാൻ കൊറിയർ ചാർജും മറ്റ് ടാക്‌സുകളുമൊക്കെയായി 12700 രൂപ മുൻകൂറായി അടയ്ക്കുവാനാണ് തട്ടിപ്പുകാർ ആവശ്യപ്പെട്ടത്. നിരവധിയാളുകൾക്ക് പോസ്റ്റൽ മുഖേന ഇത്തരം എഴുത്തുകൾ അട്ടപ്പാടിയിൽ വന്നിട്ടുണ്ട്. സ്ക്രാച്ച് ചെയ്യുന്ന എല്ലാവർക്കും കാറും ബൈക്കും മൊബൈലും ലാപ്ടോപ്പും ഇലക്ട്രോണിക് ഉപകരണങ്ങളും ലക്ഷക്കണക്കിന് രൂപയുമൊക്കെയാണ് സമ്മാനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത്. തട്ടിപ്പാണെന്ന് മുന്നേ മനസിലായതിനാൽ രക്ഷപ്പെട്ടെന്നും ഇല്ലെങ്കിൽ കടം വാങ്ങിയാണെങ്കിലും താൻ പണം അവർക്ക് അയച്ച് കൊടുത്തേനെ എന്നും മുരുകൻ പറയുന്നു.