പാലക്കാട്:ഒറ്റപ്പാലത്ത് ഒരു കുടുംബത്തിലെ നാല് പേരെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി. പാലപ്പുറം മുണ്ടൻഞാറ വിളക്കത്തറ വീട്ടിൽ അജിത്കുമാർ (38), ഒപ്പം താമസിച്ചിരുന്ന വിജിത (36), വിജിതയുടെ മക്കളായ ആര്യനന്ദ (14), അശ്വനന്ദ (6) എന്നിവരുടെ മൃതദേഹമാണ് ലെക്കിടി പാലത്തിനു സമീപം ഭാരതപ്പുഴയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോൾ ‘ഞങ്ങൾ കുടുംബ സമേതം ആത്മഹത്യ ചെയ്യുകാണ്' എഴുതിയ കുറിപ്പ് ലഭിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ മൂന്നു ജോഡി ചെരുപ്പും മാസ്കും മൊബൈൽ ഫോണും ഒരു ഷാളും പുഴക്കരയിൽ നിന്ന് ലഭിച്ചു.
തുടർ തെരച്ചിലിൽ മൃതദേഹങ്ങൾ ഉച്ചയോടെ കണ്ടെടുക്കുകായിരുന്നു. അജിത്കുമാർ, വിജിത എന്നിവരുടെ കൈകൾ പരസ്പരം കെട്ടിയ നിലയിലായിരുന്നു. നാട്ടുകാരും ഷൊർണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം കണ്ടെടുത്തത്.