പാലക്കാട്:സൈലന്‍റ്‌വാലി ബഫര്‍ സോണില്‍ മൂന്ന് ദിവസമായി പടരുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കി. വനംവകുപ്പിന്‍റെ തീവ്രശ്രമ ഫലമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം മണ്ണാര്‍ക്കാട് മേഖലയിലെ നൂറു കണക്കിനു ഹെക്ടര്‍ വനം ഇതിനകം കത്തി നശിച്ചു.
കോട്ടോപ്പാടം, പൊതുവപ്പാടം- മേക്കളപ്പാറ വനമേഖലകളിലാണ് ആദ്യം തീ പടര്‍ന്നത്. ജനവാസ കേന്ദ്രങ്ങളുടെ അടുത്തുവരെ തീ എത്തി. ഇത് നാട്ടുകാരും അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് അണച്ചു. എന്നാല്‍ ഉള്‍വനത്തിലേക്ക് പടര്‍ന്ന തീ കെടുത്താന്‍ അഗ്‌നിരക്ഷാ സേനയ്ക്കും നാട്ടുകാര്‍ക്കുമായില്ല.
രണ്ടാം ദിവസം മേക്കളപ്പാറ വനമേഖലയിലും പിന്നിട്ട് സൈലന്‍റ്‌വാലിയുടെ മറുഭാഗത്തെ തത്തേങ്ങലം വനമേഖലയിലും തീ പടര്‍ന്നു. വന്‍തോതില്‍ ജൈവസമ്പത്ത് അഗ്‌നിക്കിരയായി.
കരുതല്‍ മേഖലയില്‍ ഉള്‍പ്പെട്ട തത്തേങ്ങലം മലയടിവാരത്തോട് ചേര്‍ന്ന പുല്‍മേടുകളിലാണ് തീ അതിവേഗം പടര്‍ന്നത്.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ്, ഭവാനി റേഞ്ച് അസി.വാര്‍ഡന്‍ എ.ആശാലത എന്നിവരുടെ നേതൃത്വത്തില്‍ 40 അംഗ സംഘം 3 ദിവസമായി തീ അണയ്ക്കാനുള്ള ശ്രമത്തിലായിരുന്നു. എത്തിച്ചേരാന്‍ കഴിയാത്ത ചെങ്കുത്തായ സ്ഥലങ്ങളിലാണ് തീ ശേഷിക്കുന്നത്. കോര്‍ ഏരിയയിലേക്ക് തീ കടക്കാതിരിക്കാന്‍ മുന്‍ കരുതലെടുത്തതായി വാര്‍ഡന്‍ പറഞ്ഞു. തീ പൂര്‍ണമായും ഉടന്‍ കെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ALSO READ:പെരുമാട്ടിയില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍