പാലക്കാട്:ഒറ്റപ്പാലത്ത് വ്യാജ ഡോക്‌ടർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ബിശ്വനാഥ് മിസ്തിരിയെയാണ് (36) ഒറ്റപ്പാലം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. മറ്റൊരു ഡോക്‌ടറുടെ രേഖ ഉപയോഗിച്ച് ഇയാൾ രണ്ട് വർഷത്തിലേറെയായി കണ്ണിയംപുറം പാലത്തിന് സമീപത്തെ ക്ലിനിക്കിൽ ആയുർവേദ, അലോപ്പതി ചികിത്സ നടത്തിവരികയായിരുന്നു. മൂലക്കുരുവിനാണ് അധികവും ഇയാൾ ചികിത്സിച്ചിരുന്നത്.
ഇയാൾക്കെതിരെ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പരാതി ലഭിച്ചിരുന്നു. ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർക്ക് പരാതി കൈമാറിയതിയതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് വ്യാജഡോക്‌ടർ ചമഞ്ഞുള്ള തട്ടിപ്പ് പുറത്തായത്.
ജില്ല ആയുർവേദ മെഡിക്കൽ ഓഫിസർ എസ് ഷിബു, ആയുർവേദ ഡ്രഗ് ഓഫിസർമാരായ ഡോ. എസ് ബി ശ്രീജൻ, ഡോ. അതീഷ് സുന്ദർ എന്നിവർ ക്ലിനിക് പരിശോധിച്ചു. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ അനധികൃതമായാണ് ക്ലിനിക് നടത്തിവരുന്നതെന്ന് കണ്ടെത്തിയതോടെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഒറ്റപ്പാലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
വ്യാജരേഖ ചമയ്‌ക്കൽ, ആൾമാറാട്ടം, വഞ്ചന എന്നീ വകുപ്പുകളിലാണ് കേസ്. 15 വർഷമായി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ക്ലിനിക് നടത്തിയ ഇയാൾ രണ്ടുവർഷംമുമ്പാണ് കണ്ണിയംപുറത്ത് എത്തിയത്.
Also Read: പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 16 മാസം പ്രായമുള്ള മകളുടെ മൃതദേഹവുമായി ദമ്പതികള്‍ പിടിയില്‍