പാലക്കാട്ട് വീടിനുള്ളിലെ വാറ്റ് കേന്ദ്രം എക്സൈസ് പിടികൂടി - പാലക്കാട്ടെ വാറ്റ് കേന്ദ്രം എക്സൈസ് പിടികൂടി
പത്തിരിപ്പാലയിലെ വീട്ടിനുള്ളില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ വാറ്റുപകരണങ്ങളും 800 ലിറ്റർ വാഷും കണ്ടെത്തി. ഗൃഹനാഥന്‍ നേരത്തെ ചാരായവുമായി പൊലീസ് പിടിയിലായിരുന്നു.
പാലക്കാട്:പാലക്കാട് പത്തിരിപ്പാലയിൽ വീടിനുള്ളില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ വാറ്റുപകരണങ്ങളും 800 ലിറ്റർ വാഷും കണ്ടെത്തി. പത്തിരിപ്പാല ഏഴാം മൈലിലെ സെയ്തലവിയുടെ വീട്ടിലാണ് വന്‍തോതില്‍ ചാരായം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള വാറ്റ് ഉപകരണങ്ങളടക്കം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പഴയന്നൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 30 ലിറ്റർ വാറ്റ് ചാരായവുമായി സെയ്തലവിയും ലക്കിടി സ്വദേശി നൗഷാദും പിടിയിലായിരുന്നു. ഇതിനെ തുടർന്ന് എക്സൈസ് നടത്തിയ അന്വേഷണത്തിലാണ് സെയ്തലവിയുടെ വീട്ടിലെ വാറ്റ് കേന്ദ്രം കണ്ടെത്തിയത്. വീടിന്‍റെ രണ്ടാം നിലയിലാണ് ആധുനിക ക്രമീകരണങ്ങളുമായി വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പഞ്ചസാരയും യീസ്റ്റും ഉപയോഗിച്ചുള്ള ലായനിയിൽ നിന്ന് വാഷ് തയ്യാറാക്കിയാണ് വാറ്റ് ചാരായം നിർമിച്ചിരുന്നത്. മണിക്കൂറിൽ 15 ലിറ്റർ വരെ വാറ്റുചാരായം ഈ ഉപകരണങ്ങളുപയോഗിച്ച് ഉണ്ടാക്കാൻ പറ്റുമെന്ന് പരിശോധനയിൽ കണ്ടെത്തി.