പാലക്കാട്: കൊല്ലം സ്വദേശിയായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പ്രശാന്തിനെ പാലക്കാട്ടെ വാടകവീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ രീതി വിശദീകരിച്ച പ്രതി കൊലക്കുപയോഗിച്ച ആയുങ്ങൾ കണ്ടെടുത്ത് അന്വേഷണ സംഘത്തിന് കൈമാറി. വിരലടയാള വിദഗ്‌ധരും സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. അടുത്ത ദിവസം പ്രശാന്തിനെ സ്വദേശമായ കോഴിക്കോട്ടെത്തിച്ചും തെളിവെടുക്കും.
കൊല്ലം സ്വദേശിയുടെ കൊലപാതകം കൊല്ലം നടുവിലക്കര സ്വദേശിയായ സുചിത്ര കഴിഞ്ഞ മാസം 20നാണ് പാലക്കാട് കൊല്ലപ്പെടുന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുചിത്രയുമായി ഏറെക്കാലമായി പ്രശാന്തിന് അടുപ്പമുണ്ടായിരുന്നു. മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നെന്നും ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം.
പാലക്കാട് മണലിയിൽ പ്രശാന്ത് വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് കഴിഞ്ഞമാസം 18നാണ് യുവതി കൊല്ലത്ത് നിന്നും വരുന്നത്. വാക്കുതർക്കത്തിന് ശേഷം യുവതിയെ കേബിൾ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. അവശിഷ്ടങ്ങൾ കുഴിച്ചിടുന്നതിന് മുമ്പായി ശരീരഭാഗങ്ങൾ മുറിച്ചുമാറ്റാനും നോക്കി. കൊലപാതകത്തിന് ഉപയോഗിച്ച കേബിൾ, കത്തി ഉൾപ്പെടെയുളള ആയുധങ്ങൾ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തു. തെളിവ് നശിപ്പിക്കുന്നതിന് സുചിത്രയുടെ ആഭരണങ്ങളും ഇയാൾ കാട്ടിലെറിഞ്ഞിരുന്നു.
കൊലപാതകം ഏറെ ദിവസങ്ങളായി പ്രശാന്ത് ആസൂത്രണം ചെയ്തിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കൊലപാതക മാർഗങ്ങളെക്കുറിച്ച് ഇന്‍റർനെറ്റ് വഴി വിവരങ്ങള്‍ ശേഖരിച്ചതായി പ്രശാന്തിന്‍റെ മൊബൈൽ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിൽ വ്യക്തമായി.