പാലക്കാട്:നടൻ ഉണ്ണിമുകുന്ദന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് പരിശോധന. കൊച്ചിയിൽ നിന്നുള്ള സംഘമാണ് ഒറ്റപ്പാലത്തെ വീട്ടിൽ പരിശോധന നടത്തിയത്. ചൊവ്വാഴ്‌ച രാവിലെ എട്ട് മുതൽ പകൽ 2.30 വരെ പരിശോധന നീണ്ടു.
ഉണ്ണി മുകുന്ദന്‍റെ പുതിയ സിനിമ മേപ്പടിയാൻ ജനുവരി 14ന് റിലീസ് ചെയ്യാനിരിക്കെയാണ് എൻഫോഴ്‌സ്മെന്‍റ് പരിശോധന. താരത്തിന്‍റെ തന്നെ നിർമാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. മേപ്പടിയാന്‍റെ നിർമാണവുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകളാണ് പരിശോധന നടത്തിയത് എന്നാണ് സൂചന.
പരിശോധനയെകുറിച്ച് എൻഫോഴ്സ്മെന്‍റ് അധികൃതർ പ്രതികരിക്കാൻ തയാറായില്ല. ഉണ്ണി മുകുന്ദനും കുടുംബവും വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. വിഷ്‌ണു മോഹൻ സംവിധായകനായ മേപ്പടിയാനിൽ അഞ്ജു കുര്യനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വർഗീസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഷാമീറാണ് ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
ഈരാറ്റുപേട്ട, പാല, എന്നിവിടങ്ങളിലായാണ് ചിത്രം പൂർത്തീകരിച്ചത്. ചിത്രത്തിന്‍റെ പ്രചാരണത്തിനായി ബുധൻ മുതൽ വിവിധ സ്ഥലങ്ങളിൽ ഉണ്ണി മുകുന്ദൻ നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നു. ബുധനാഴ്‌ച വിക്ടോറിയ കോളജിൽ പരിപാടിയും തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് എൻഫോഴ്സ്മെന്‍റ് പരിശോധന.
Also Read: 'നടിയെ ആക്രമിക്കുന്ന ദൃശ്യം ദിലീപ് കണ്ടോ?' അന്വേഷിക്കാൻ കോടതി ഉത്തരവ്