പാലക്കാട്: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അടിയന്തരയോഗം ചേർന്നു. മന്ത്രിമാരായ എ.കെ ബാലന്‍, കെ. കൃഷ്‌ണന്‍കുട്ടി എന്നിവരുടെ സാന്നിധ്യത്തില്‍ കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം നടന്നത്. വൈറസ് ബാധയുടെ ആദ്യഘട്ടത്തിൽ പ്രതിരോധം എളുപ്പമായിരുന്നു എന്നും നിലവിൽ കൂടുതൽ ജാഗ്രതയോടുകൂടി പ്രതിരോധത്തിന്‍റെ അടുത്ത ഘട്ടം ആവിഷ്ക്കരിക്കേണ്ട സ്ഥിതിയാണെന്നും ജില്ലാ കലക്‌ടർ ഡി. ബാലമുരളി പറഞ്ഞു.
കൊവിഡ് 19 പശ്ചാത്തലത്തിൽ പാലക്കാട്ട് അടിയന്തരയോഗം ചേർന്നു പകർച്ചവ്യാധി എന്ന നിലയിൽ നിന്നും രോഗം കൂടുതൽ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുന്ന അവസ്ഥയാണെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. സ്വീകരിക്കേണ്ട മുൻകരുതലുകൾ ബോധ്യപ്പെടുത്താനും നടപടികൾ സ്വീകരിക്കാനുമാണ് ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചത്. രോഗം സംശയിക്കുന്ന നിമിഷം മുതൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾ മന്ത്രി വിശദീകരിച്ചു.
മറ്റ് അസുഖങ്ങൾ ഉള്ള പ്രായമുള്ളവരെയാണ് രോഗം അപകടാവസ്ഥയിൽ എത്തിക്കുന്നത്. ഈ സാഹചര്യത്തിൽ വൃദ്ധസദനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകും. പുറത്തുനിന്നുള്ള സന്ദർശകരെ അനുവദിക്കില്ല. രോഗത്തിന് മരുന്നില്ലാത്ത അവസ്ഥയിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിക്കുന്നത് പ്രധാനമാണ്. ഹോം ഐസൊലേഷൻ പ്രധാനമാണ്. രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 11 ഇന മാർഗനിർദേശങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.
ആളുകൾ കൂടുന്ന പരിപാടികൾ നിയന്ത്രിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. നിരീക്ഷണത്തിലെ ആളുകളെ സഹായിക്കാൻ കഴിയണം. ബസ്, ട്രെയിൻ, വ്യവസായ ശാലകൾ എന്നിവിടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിക്കും. മദ്യ വിൽപ്പനശാലയുടെ നിയന്ത്രണം കൂടി പരിഗണിക്കും. മാസ്‌ക്ക് വിലകൂട്ടി നൽകുന്നത് പരിശോധിക്കും. രോഗികളെ ചികിത്സിക്കാൻ ജില്ലയിൽ മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് വൈറസ് പടരുന്നത്.
കൈ കൃത്യമായി കഴുകാതെ ഈ ശരീര ഭാഗങ്ങളിൽ തൊടരുതെന്ന് ഡിഎംഒ നിർദേശം നൽകി. എംഎൽഎമാരായ പി. ഉണ്ണി, ഷാഫി പറമ്പിൽ, കെ.ഡി പ്രസന്നൻ, കെ.വി വിജയദാസ്, പി.കെ ശശി, മുഹമ്മദ് മുഹ്‌സിൻ, കെ. ബാബു, വി.ടി ബൽറാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ശാന്തകുമാരി, നഗരസഭാ അധ്യക്ഷ പ്രമീളാ ശശിധരൻ, ജില്ലാ കലക്‌ടർ ഡി. ബാലമുരളി, എഡിഎം കെ. വിജയൻ, അസിസ്റ്റന്‍റ് കലക്‌ടർ അർജുൻ പാൻഡ്യൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.