കേരളം

kerala

ETV Bharat / state

മാറി വീശുമോ കരിമ്പന കാറ്റ്; പാലക്കാട് മണ്ഡലം ആർക്കൊപ്പം? - പാലക്കാട് ലോക്‌സഭാ മണ്ഡലം

കോട്ട കാക്കാൻ ഇടതുമുന്നണി മണ്ഡലത്തിൽ കച്ചകെട്ടി ഇറങ്ങുമ്പോൾ ,മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ മണ്ഡലം ഇത്തവണ കൈപ്പിടിയിൽ ഒതുക്കാം എന്ന ആത്മ വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ഇടത് വലത് മുന്നണികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി എൻഡിഎ കൂടി മണ്ഡലത്തിൽ ശക്തമായ സാനിധ്യമായതോടെ പാലക്കാട് ഇക്കുറി കാത്തിരിക്കുന്നത് ശക്തമായ ത്രികോണ മത്സരത്തിനാണ്

പാലക്കാട് ലോക്‌സഭാ മണ്ഡലം

By

Published : Apr 8, 2019, 9:00 PM IST

.

പാലക്കാട് ലോക്‌സഭാ മണ്ഡലം

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം‍, കോങ്ങാട്, മണ്ണാർക്കാട്‍, മലമ്പുഴ‍, പാലക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പാലക്കാട് ലോകസഭാ നിയോജകമണ്ഡലം. ഇടതിന്‍റെ ചുവപ്പൻ കോട്ടയായ പാലക്കാട്, 2009 ലെ വലത് തരംഗത്തിൽ ഇടതിനെ കൈവിടാത്ത ചുരുക്കം മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണ്. 1996 മുതൽ മണ്ഡലം ഇടതിനെ കൈവിട്ടിട്ടില്ല. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും, എൽഡിഎഫിന്‍റെ കയ്യിൽ തന്നെ. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ
കോങ്ങാട്, മലമ്പുഴ, ഒറ്റപ്പാലം, ഷൊര്‍ണൂര്‍, പട്ടാമ്പി മണ്ഡലങ്ങള്‍ ചുവപ്പൻ കോട്ടകളായപ്പോൾ. മണ്ണാര്‍ക്കാട് മുസ്ലീം ലീഗും പാലക്കാട് കോണ്‍ഗ്രസ്സും വിജയിച്ചു. ബിജെപിയുടെ ശക്തമായ സാന്നിധ്യമുള്ള ഒരു മണ്ഡലം കൂടിയാണ് പാലക്കാട്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി സ്ഥാനാര്ഥിയായിരുന്നു. സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഒരേ ഒരു നഗരസഭയും പാലക്കാട് തന്നെ.
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി മേഖലയായ അട്ടപ്പാടി ഉൾപ്പെടുന്ന മണ്ഡലത്തിൽ ന്യൂന പക്ഷ വോട്ടുകൾ വലിയ സ്വാധീനം ചെലുത്തും.


എൽഡിഎഫ് വലിയ വിജയം മണ്ഡലത്തിൽ നേടിയ 2014 ലോക്സഭാ ഇലക്ഷനിലെ കണക്കുകൾ ഇങ്ങനെ :

എൽഡിഎഫ് ഭൂരിപക്ഷം - 105300

എൽഡിഎഫ് ആകെ നേടിയ വോട്ടുകൾ - 412897

യുഡിഎഫ് ആകെ നേടിയ വോട്ടുകൾ - 307597

എൻഡിഎ ആകെ നേടിയ വോട്ടുകൾ - 136587

പാലക്കാട് ലോക്‌സഭാ മണ്ഡലം വോട്ട് നില 2014

ആദ്യ ഘട്ടത്തിൽ വിവിധ പേരുകൾ ഉയർന്നു കേട്ടെങ്കിലും ഇടത് കോട്ട കാക്കാൻ മൂന്നാം വട്ടവും എൽഡിഎഫ് അവസരം നൽകിയത് എം ബി രാജേഷിനു തന്നെയാണ്. മണ്ഡലത്തിലെ സംഘടനാ ശക്തി തന്നെയാണ് ഇടതിന്റെ ഏറ്റവും വലിയ കരുത്ത്. ഏഴിൽ അഞ്ച് നിയമ സഭ മണ്ഡലങ്ങൾ കൈവശമുള്ളതും ഇടത് ക്യാമ്പുകളിൽ പ്രതീക്ഷ വര്ധിപ്പിക്കുന്നു. 2009 ൽ 1820 വോട്ടുകൾക്ക് ജയിച്ചു കയറിയ മണ്ഡലത്തിൽ 2014 ൽ 105300 വോട്ടുകളുടെ ഭൂരിപക്ഷം നേടാനായത് ഇടതിന് ആത്മ വിശ്വാസം കൂട്ടുന്ന ഘടകമാണ്. എംബി രാജേഷിനു മണ്ഡലത്തിൽ ഉള്ള ബന്ധങ്ങളും വോട്ടായി മാറുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു . പി.കെ ശശി വിഷയത്തിൽ ഉള്‍പടെ പാർട്ടിക്കുളളിൽ ഉണ്ടായ വിഭാഗീയതയാണ് മുന്നണി മണ്ഡലത്തിൽ നേടുന്ന പ്രധാന വെല്ലു വിളി.

പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനാണ് ഇത്തവണ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. ഷാഫി പറമ്പിൽ ഉൾപ്പടെ വലത് സ്ഥാനാർത്ഥിയായി വിവിധ പേരുകൾ മണ്ഡലത്തിൽ ഉയർന്നു കേട്ടെങ്കിലും, അവസാന നിമിഷം നറുക്ക് വികെ ശ്രീകണ്ഠനാണ്. 2016 ലെ നിയമസഭാ ഇലക്ഷനിലെ ഏഴു മണ്ഡലങ്ങളിൽ അഞ്ചണ്ണം കൈവിട്ട് പോയതും, കഴിഞ്ഞ വർഷത്തെ ലോക്സഭാ ഇലക്ഷനിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് തോറ്റതും യുഡിഎഫ് ക്യാമ്പുകളിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. എങ്കിലും മാറിയ
സാഹചര്യത്തിൽ യുഡിഎഫ് മണ്ഡലത്തിൽ വിജയം പ്രതീഷിക്കുന്നു.


പാലക്കാട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ കൂടിയായ സി കൃഷ്‌കുമാർ ആണ് ഇത്തവണ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി. സംസ്ഥാനത്ത ബിജെപി പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങളിൽ ഒന്നാണ് പാലക്കാട്. 2009 ല്‍ 8.7 ശതമാനം വോട്ടുകൾ നേടിയ ബിജെപി, അത് 2014 ല്‍ എത്തിയപ്പോള്‍ 15 ശതമാനം ആയി ഉയര്‍ത്തിയിരുന്നു.
136587 വോട്ടുകളാണ് 2014 ൽ മണ്ഡലത്തിൽ ബിജെപി ആകെ നേടിയത്. സംസ്ഥാനത്ത ബിജെപി ഭരിക്കുന്ന ഒരേ ഒരു നഗരസഭയും പാലക്കാട് തന്നെ. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയതും അനുകൂല ഘടകമായി ബിജെപി വിലയിരുത്തുന്നു. ചില പ്രദേശങ്ങളിൽ ബിജെപിയ്ക്കുള്ള ശക്തമായ സ്വാധീനവും മുന്നണിയ്ക്ക് പ്രതീക്ഷകൾ നൽകുന്ന ഘടകമാണ്. സി കൃഷ്ണകുമാറിന് മണ്ഡലത്തിൽ ഉള്ള സ്വാധീനവും വോട്ടായി മാറുമെന്ന് മുന്നണി കണക്ക് കൂട്ടുന്നു.

പാലക്കാട് ലോക്‌സഭാ മണ്ഡലം വോട്ട് നില 2014

വലിയൊരു വിഭാഗം കർഷകർ ഉള്ള പാലക്കാട് , കാർഷിക മേഖലയിലെ പദ്ധതികളും, ജലവും, വോട്ടർമാരെ ഏറെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ മേഖലയായ കഞ്ചിക്കോടുൾപ്പടെ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിൽ വികസന പ്രശ്നങ്ങളും വോട്ടർമാർ ചർച്ചയാകും. പ്രളയം ഏറെ ദുരിതം വിതച്ച മണ്ഡലത്തിൽ പ്രളയയാനന്തര പുനരധിവാസ പ്രവർത്തങ്ങളും വിഷയങ്ങളാണ്. ശബരിമല സ്ത്രീ പ്രവേശനവുമട്ടി ബന്ധപെട്ടു നടന്ന ഹർത്താലിന്റെയും അക്രമങ്ങളുടെയും പേരിൽ 144 പ്രഖ്യാപിക്കേണ്ടി വന്ന ജില്ലയിൽ ശബരിമലയും തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഘടകമാകും .


ജനുവരി 30 വരെയുള്ള ഇലക്ഷൻ കമീഷന്റെ കണക്കുകൾ പ്രകാരം 1287902 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്. ഇതിൽ 627854 പുരുഷ വോട്ടർമാരും, 660047 സ്ത്രീ വോട്ടർമാരും ,
ഒരു ട്രാൻസ്‌ജഡറും ഉൾപ്പെടുന്നു.

ABOUT THE AUTHOR

...view details