പാലക്കാട് :ചുട്ടിപ്പാറയിൽ മൂന്ന് വയസുകാരനെ ഉമ്മ ആസിയ കൊലപ്പെടുത്തിയത് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചെന്നും പൊലീസ്. സമൂഹമാധ്യമം വഴി അടുപ്പത്തിലായ കാമുകനൊപ്പം ജീവിക്കാനായി മകനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ആസിയ പൊലീസിന് നൽകിയ മൊഴി. പ്രതിയെ ബുധനാഴ്ച രാവിലെ വീട്ടില്‍ തെളിവെടുപ്പിന് എത്തിച്ചു.
പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തിൽ കാമുകനോ മറ്റ് ബന്ധുക്കൾക്കോ പങ്കില്ലെന്നും കൊലപാതകം ആസൂത്രണം ചെയ്തത് ആസിയ ഒറ്റയ്ക്കാണെന്നും കസബ ഇൻസ്പെക്ടർ എൻഎസ് രാജീവ് അറിയിച്ചു.
കൊലയ്‌ക്ക് ശേഷം നിലവിളി നാടകം : ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് മണിയേരി മുഹമ്മദ് ഷമീറിന്‍റെയും ചുട്ടിപ്പാറ ആസിയയുടെയും മകൻ മുഹമ്മദ് ഷാൻ (3) കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്ന കുട്ടിയെയാണ് ആസിയ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി കുട്ടി എഴുന്നേല്‍ക്കുന്നില്ലെന്ന് പറഞ്ഞ് നിലവിളിച്ച് പുറത്തേക്ക് ഓടി. ഇതോടെ ഓടിക്കൂടിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.