പാലക്കാട്:വാളയാർ വടശേരി മോഴമണ്ഡപം മലയിലുണ്ടായ കാട്ടുതീ അണയ്ക്കാനുള്ള ശ്രമം മൂന്നാം ദിവസവും തുടരുന്നു. തീ പിടിത്തമുണ്ടായി മൂന്ന് ദിവസം പിന്നിട്ടിട്ടും പൂർണമായും നിയന്ത്രിക്കാനായിട്ടില്ല. വനം വകുപ്പ് തിങ്കളാഴ്ച കൂടുതൽ ജീവനക്കാരെ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചു. ആദിവാസികളും തീയണയ്‌ക്കാനുള്ള ദൗത്യത്തിലുണ്ട്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം ബാദുഷയുടെ നേതൃത്വത്തിൽ വനപാലകർ വടശേരിമലയിൽ ക്യാമ്പ് ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തിങ്കളാഴ്ച ഫയർ ലൈൻ, ഫയർബ്രേക്ക് തുടങ്ങിയ സംവിധാനം ഉപയോഗിച്ച് തീ മലയടിവാരത്തേക്ക് പടരുന്നത് തടഞ്ഞു. ചൊവ്വാഴ്ചയോടെ തീ പൂർണമായും നിയന്ത്രണ വിധേയമാക്കാനാണ് വനം വകുപ്പിന്‍റെ ശ്രമം.