പാലക്കാട്:2019ലെ സംസ്ഥാന സര്‍ക്കാരിന്‍റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനുള്ള പുരസ്‌കാരം പാലക്കാട് കൊപ്പം സ്വദേശി ഡോ. പാര്‍വതി പി.ജി വാര്യര്‍ക്ക് ലഭിച്ചു.
ശാക്തീകരണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം ഡോ. പാര്‍വതി പി.ജി വാര്യര്‍ക്ക്
കലയിലൂടെ ബോധവൽക്കരണം എന്ന സന്ദേശവുമായി ആവിഷ്കാര എന്ന സംഘടന രൂപീകരിച്ച് 1996 മുതൽ സ്ത്രീ സമൂഹത്തിന് വേണ്ടി ഡോ. പാര്‍വതി പ്രവർത്തിക്കുന്നു
മേഴ്സി കോളജിലെ റിട്ടയർഡ് പ്രൊഫസറാണ് ഡോ. പാര്‍വതി. 1966ല്‍ കോളജ് അധ്യാപനം തുടങ്ങി. 20 വര്‍ഷത്തോളം ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. കലയിലൂടെ വനിതാ ശാക്തീകരണം ലക്ഷ്യമാക്കി 'ആവിഷ്‌ക്കാര' എന്ന സ്വതന്ത്ര വനിതാ സംഘടനക്ക് രൂപം നല്‍കി. സ്വയം തൊഴിലുകള്‍ ചെയ്ത് സ്വന്തം കാലില്‍ നില്‍ക്കാനും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും സ്ത്രീകളെ സഹായിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ പെണ്‍കുട്ടികള്‍ക്കായി വിദ്യാ പ്രൊജക്ടും സുരക്ഷിതത്വത്തിനായി പ്രകാശിനി പ്രൊജക്ടും നടത്തി വരുന്നു. ആദിവാസി മേഖലയിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
മാര്‍ച്ച് ഏഴിന് വൈകുന്നേരം നാല് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ജില്ലാ കലക്ടര്‍ അധ്യക്ഷനായിട്ടുള്ള ജില്ലാതല വനിതാരത്‌ന പുരസ്‌കാര നിര്‍ണയ കമ്മിറ്റി ശുപാര്‍ശ ചെയ്ത അപേക്ഷകള്‍, വിവിധ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍മാര്‍ വകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. സ്‌ക്രീനിങ് കമ്മിറ്റി ഇത് വിലയിരുത്തിയാണ് പുരസ്‌കാരങ്ങള്‍ക്കായി തെരഞ്ഞെടുത്തതെന്നും മന്ത്രി കെ.കെ ശൈലജ അറിയിച്ചു.