പാലക്കാട് :അട്ടപ്പാടിയെന്നാൽ വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത നാടെന്നാണ് പൊതുബോധം. ശിശുമരണങ്ങളുടെ പേരിലുള്ള കുപ്രസിദ്ധി കൊണ്ടോ സിനിമകളിലെ മോശം പരാമർശങ്ങൾ കൊണ്ടോ ആകാം ഇത്തരമൊരു ധാരണ സൃഷ്ടിക്കപ്പെട്ടത്.
ഇത്തരത്തിൽ പരിഹസിക്കപ്പെടേണ്ട നാടല്ല അട്ടപ്പാടിയെന്നാണ് ഡോ. എ.ഡി മണികണ്ഠന്‍ പറയുന്നു. ചുരുങ്ങിയത് മൂവായിരം വർഷമോ അതിനും മുന്‍പോ ഉള്ള മനുഷ്യ സംസ്കാരത്തിലേക്ക് വെളിച്ചം വീശുന്ന നിരവധിയായ അമൂല്യ ചരിത്രാവശേഷിപ്പുകളെ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഭൂമികയാണ് അടപ്പാടി.
ഇക്കാര്യം ഊട്ടിയുറപ്പിക്കുന്ന കണ്ടെത്തലുകള്‍ക്കായി തന്‍റെ ജീവിതത്തിലെ പത്ത് വർഷങ്ങളാണ് അദ്ദേഹം ഹോമിച്ചത്. നിരവധിയായ ഗവേഷണങ്ങൾക്കും കൃത്യമായ വിവര ശേഖരണങ്ങൾക്കും മണികണ്ഠന്‍ ഈ നിഗമനങ്ങളിൽ എത്തിച്ചേർന്നത്.
അട്ടപ്പാടിയിൽ മൂന്ന് സംസ്കാരങ്ങൾ നിലനിന്നിരുന്നുവെന്ന് ഡോ. മണികണ്ഠന്‍ സാക്ഷ്യപ്പെടുത്തുന്നു. ശിരുവാണി നദിയോട് ചേർന്ന് ശിരുവാണി സംസ്കാരവും, വരഗാർ - ഭവാനി നദികളോട് ബന്ധപ്പെട്ടുള്ള സംസ്കാരവും, കൊടുങ്കരപ്പള്ളം നദിയോടനുബന്ധിച്ചുള്ള കൊടുങ്കരപ്പള്ള സംസ്കാരവുമാണ് അവ. ഇവ മൂന്നും ഉൾപ്പെടുന്ന അട്ടപ്പാടി നാഗരികതയെക്കുറിച്ചുള്ള കണ്ടെത്തലുകൾ പൂർണമാകാൻ പുരാവസ്തു വകുപ്പിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഡോ. മണികണ്ഠൻ പറയുന്നു.