പാലക്കാട്:അഗ്നിരക്ഷ സേനയുടെ ലൈസൻസില്ലാത്തതിനെ തുടർന്ന് നഗരസഭ പൂട്ടിച്ച സിനിമ തിയേറ്റർ തുറക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരം തിയേറ്റർ ഉടമയിൽ നിന്ന് കോഴ വാങ്ങിയാണെന്ന് ആരോപണം. ചൊവ്വാഴ്‌ചയാണ് കോൺഗ്രസ് കൗൺസിലർമാരുടെ നേതൃത്വത്തിൽ തിയേറ്റർ തുറക്കണമെന്നും സിനിമ വ്യവസായം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭയ്‌ക്കു മുന്നിൽ യൂത്ത് കോൺഗ്രസ് സമരം നടത്തിയത്.
ഇതിന് കൗൺസിലർമാർക്ക് 5,000 രൂപ വീതം ഒരു യുവ കൗൺസിലർ ഗൂഗിൾ പേ വഴി നൽകിയെന്നാണ് ആരോപണം. സമരത്തിനു ശേഷം കിട്ടിയ തുക ചിലർ തിരിച്ചു നൽകിയെന്നും പറയുന്നു. ആരോപണം നഗരസഭയിലെ യുഡിഎഫിൽ വൻവിവാദത്തിനാണ് തിരികൊളുത്തിയത്.
ബുധനാഴ്‌ച വൈകിട്ട് നടന്ന യുഡിഎഫ് യോഗത്തിൽ വിഷയം പഠിക്കാതെ സമരത്തിനിറങ്ങി പുറപ്പെടുന്ന യൂത്ത് കോൺഗ്രസിനെതിരെ വിമർശനമുയർന്നു. യോഗത്തിൽ തുക തിരികെ നൽകിയവർ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും നേതൃത്വം ഇടപെട്ട് തടഞ്ഞു.